മെല്‍ബണ്‍ ടെസ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 333 റണ്‍സിനു പുറത്ത്. ആറുവിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എന്ന നിലയില്‍ നിന്നു രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിനു 56 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. പേസ് ബൌളിംഗില്‍ ഇന്ത്യയുടെ കുന്തമുനയായ സഹീര്‍ ഖാനും പുതുമുഖങ്ങളായ ഉമേഷ് യാദവും ആര് അശ്വിനും ഓസീസിനോടു യാതൊരു ദയയും കാണിച്ചില്ല. സഹീര്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
27 റണ്‍സുമായി പൊരുതാന്‍ ഉറച്ച ബ്രാഡ് ഹാഡിന്റെ വിക്കറ്റാണ് ഓസീസിനു രണ്ടാം ദിനം ആദ്യം നഷ്ടമായത്. സഹീര്‍ ഖാനാണ് ഹാഡിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ 41 റണ്‍സെടുത്ത പീറ്റര്‍ സിഡിലിനെയും സഹീര്‍ വീഴ്ത്തി. വാലറ്റക്കാരായ ഹില്ഫെന്ഹാസി(19)നെയും നഥാന്‍ ലിയോണി(6)നേയും പറഞ്ഞയച്ച അശ്വിന്, ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 333 റണ്‍സിനു ഒതുക്കി. ആദ്യ മത്സരത്തില്‍ത്തന്നെ 67 റണ്‍സ് നേടി പ്രതിഭ തെളിയിച്ച ഓസ്ട്രേലിയന്‍ ഓപ്പണര്‍ എഡ് കവാനും മൂന്നുവിക്കറ്റ് നേടിയ ഇന്ത്യയുടെ ഉമേഷ് യാദവും ആരംഭം അവിസ്മരണീയമാക്കി.
ടെസ്റിന്റെ ആവേശവും വീര്യവും എത്രത്തോളമെന്നു തെളിയിക്കുന്നതായിരുന്നു ബോക്സിംഗ് ഡേ ടെസ്റ്റ്. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് ക്ളാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും എഡ് കവാനും സഹീര്‍- ഇഷാന്ത് ദ്വയത്തെ നേരിടാന്‍ കച്ചമുറുക്കി. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ബൌളിംഗിന്റെ നേതൃത്വം ഏറ്റെടുത്ത സഹീര്ഖാന്് പക്ഷേ, തുടക്കത്തില്‍ താളംകണ്െടത്തുന്നതില് വിജയിച്ചില്ല. അതേസമയം, ഇഷാന്ത് ശര്‍മയുടെ മികച്ച പേസും ബൌണ്‍സും ഓസീസ് ഓപ്പണര്‍മാര്‍ക്ക് തലവേദനയുണ്ടാക്കി.
ഇഷാന്തിന്റെ നിര്‍ഭാഗ്യം ഭാഗ്യമായത് പുതുമുഖം ഉമേഷ് യാദവിനാണ്. തുടര്‍ച്ചയായ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഉമേഷ് ഇന്ത്യക്ക് മികച്ച തുടക്കം നല്കി. ഓസീസ് സ്കോര്‍ 46-ല്‍ നില്‍ക്കേയാണ് ഈ രണ്ടുവിക്കറ്റും നിലംപതിച്ചത്. ഇടംകൈയനായ വാര്‍ണര്‍ ലെഗ് സൈഡില്‍ ഉയര്‍ന്ന പന്തില്‍ കൂറ്റനടിക്കുശ്രമിച്ച് വിക്കറ്റ് സ്വയം വലിച്ചെറിഞ്ഞു ധോണിക്ക് ക്യാച്ച്. യാദവിന്റെ തൊട്ടടുത്ത ഓവറില്‍ വണ്‍ ഡൌണായെത്തിയ ഷോണ്‍ മാര്‍ഷും പുറത്ത്. ഗള്ളിയില്‍ വിരാട് കോഹ്ലി മാര്‍ഷിനെ മനോഹരമായി പിടിച്ചു. കളിയിലെ നിര്‍ണായക കൂട്ടുകെട്ടിലൂടെ ഓസീസിന്റെ മുന്‍ നായകന് റിക്കി പോണ്ടിംഗും പുതുമുഖം എഡ് കവാനും ഇന്ത്യന്‍ ബൌളര്‍മാരെ സമര്‍ഥമായി നേരിട്ടു.
ഫോമിലേക്കുള്ള മടങ്ങിവരവിന്റെ പാതയിലാണ് താനെന്നു തെളിയിക്കുകയായിരുന്നു പോണ്ടിംഗ്. മികച്ച സ്ട്രോക് പ്ളേയിലൂടെ കവാന് പോണ്ടിംഗിനു മികച്ച പിന്തുണ നല്കി. ഇരുവര്‍ക്കുമിടയില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ന്നുനില്‍ക്കേയാണ് ഉമേഷ് യാദവ് വീണ്ടും ഇന്ത്യയെ മത്സരത്തിലേക്കു മടക്കികൊണ്ടുവന്നത്. 62 റണ്‍സെടുത്ത പോണ്ടിംഗിനെ രണ്ടാം സ്ളിപ്പില്‍ ലക്ഷ്മണ് പിടിച്ചു പുറത്താക്കി. കവാനും മൈക്കിള്‍ ക്ളാര്‍ക്കും ചേര്‍ന്നായിരുന്നു പിന്നീടുള്ള പോരാട്ടം. എന്നാല്‍, സഹീര്‍ഖാന്റെ ഉജ്വലമായ മടങ്ങിവരവ് ഇന്ത്യക്കു സമ്മാനിച്ചത് രണ്ടുവിക്കറ്റുകള്‍ കൂടിയാണ്.
റിവേഴ്സ് സ്വിംഗ് ബൌളിംഗിന്റെ ഉസ്താദായ സഹീര്ഖാന് അതേ ആയുധം ഉപയോഗിച്ചാണ് മൈക്കിള്‍ ക്ളാര്‍ക്കിനെയും മൈക്ക് ഹസിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. 31 റണ്‍സെടുത്ത മൈക്കിള്‍ ക്ളാര്‍ക്ക് ഓഫ് സൈഡിലൂടെ നിരുപദ്രവകാരിയായി നീങ്ങിയ പന്ത് അടിച്ച് സ്റംപില്കയറ്റി കൂടാരം കയറി. ഹസിയാകട്ടെ ഉയര്‍ന്നു പൊങ്ങിയപന്തില് ബാറ്റ് വച്ച് ധോണിയുടെ ഗ്ളൌസില് കുടുങ്ങി. റണ്ണൊന്നുമെടുക്കാതെ ഹസി മടങ്ങുമ്പോള്‍ പുറത്താകല്‍ ഒരു വിവാദത്തിനും തിരികൊളുത്തി.
ടെലിവിഷന്‍ റീപ്ളേയില്‍ ഹസി പുറത്തായിരുന്നില്ല എന്നു വ്യക്തമായിരുന്നു. ഡിസിഷന്‍ റിവ്യൂ സിസ്റം(ഡിആര്‍എസ്) ഇന്ത്യ അംഗീകരിച്ചിരുന്നെങ്കില്‍ ഹസി പുറത്താകില്ലായിരുന്നു എന്നാണ് വാദം. അധികം താമസിയാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ച കവാനും മടങ്ങി. ആര്. അശ്വിന്റെ പന്തില്‍ ധോണി പിടിച്ചാണ് കവാന് മടങ്ങിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മയ്ക്കു വിക്കറ്റ് ലഭിക്കാത്തത് നിര്‍ഭാഗ്യമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല