സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, വിമാനങ്ങള്‍ ബോംബ് വച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട നാലു പേര്‍ പിടിയില്‍. യാത്രാ വിമാനങ്ങള്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭീകരരുടെ പദ്ധതി ഓസ്‌ട്രേലിയന്‍ ഭീകരവിരുദ്ധ സേനയാണ് പരാജയപ്പെടുത്തിയതായി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് സിഡ്‌നിയില്‍ നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി. ഭീകരാക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഡ്‌നിയിലെ സറെ ഹില്‍സ്, വില്ലി പാര്‍ക്ക്, പഞ്ച്ബൗള്‍, ലേകേബ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു പേരെ പിടികൂടുകയായിരുന്നു.
ഇവര്‍ക്ക് ഇസ്‌ലാമിക് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരാക്രമണ ശ്രമമുണ്ടായ പശ്ചാത്തലത്തില്‍ രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല