സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാഴ്സലുകള്‍; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സുരക്ഷാ പരിശോധന; അയച്ചയാള്‍ അറസ്റ്റിലെന്ന് പോലീസ്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റു നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും സംശയാസ്പദമായ വസ്തുക്കള്‍ നിറച്ച പാക്കറ്റുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് പാഴ്സലുകള്‍ അയച്ച ആളെയാണു പോലീസ് അറസ്റ്റ് ചെയ്തത്. 38 പാഴ്സലുകളും ഇയാള്‍ തന്നെയാണ് അയച്ചതെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാഴ്സല്‍ ഭീഷണിയല്ലെന്നും പോലീസ് വ്യക്തമാക്കി.
മെല്‍ബണിലെ ഇന്ത്യയുടെയും യുഎസിന്റെയും കോണ്‍സുലേറ്റുകളില്‍ പാക്കറ്റുകള്‍ ലഭിച്ച വിവരമാണ് പോലീസിന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രിട്ടന്, ദക്ഷിണകൊറിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, പാക്കിസ്ഥാന്, ഗ്രീസ്, ഇന്തോനേഷ്യ, സ്പെയിന്, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും തുടര്‍ന്ന് പാക്കറ്റുകള്‍ ലഭിച്ചു.
ആസ്ബസ്റ്റോസ് എന്നു രേഖപ്പെടുത്തിയിരുന്ന കവറുകളില്‍ പ്ലാസ്റ്റിക് കൂട്ടില്‍ വെളുത്ത പൊടി പോലുള്ള വസ്തു ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മെല്‍ബണിലെ നയതന്ത്ര കാര്യാലയങ്ങള്‍ ഒഴിപ്പിച്ച് വിശദപരിശോധന നടത്തി. പോലീസും ഫോറന്‍സിക് വിദഗ്ധരും വൈദ്യസംഘവും കോണ്‍സുലേറ്റുകളില്‍ എത്തി. പോലീസ് കെട്ടിടങ്ങള്‍ മുഴുവന്‍ ഒഴിപ്പിച്ചു പരിശോധന നടത്തി. പാക്കറ്റുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല