സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മാല്‍കം ടേണ്‍ബുളിന്റെ പുറത്താകലിനു പിന്നില്‍ പാളയത്തില്‍ പട; സ്‌കോട്ട് മോറിസന്‍ പുതിയ പ്രധാനമന്ത്രി. മിതവാദിയായ മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിനെതിരെ പാര്‍ട്ടിക്കകത്തുണ്ടായ അട്ടിമറിയാണു കുടിയേറ്റ നയത്തിലുള്‍പ്പെടെ തീവ്രനിലപാടുള്ള യാഥാസ്ഥിതികനായ മോറിസന്റെ (50) വിജയത്തില്‍ കലാശിച്ചത്. 2015ല്‍ ടേണ്‍ബുള്‍ പ്രധാനമന്ത്രിയായതും ഇത്തരമൊരു അട്ടിമറിയിലൂടെയായിരുന്നു.
ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഓസ്‌ട്രേലിയയില്‍ അധികാരത്തിലുള്ളത്. ടേണ്‍ബുളിന്റെ നേതൃത്വം ചോദ്യം ചെയ്ത് ആഭ്യന്തരമന്ത്രി പീറ്റര്‍ ഡറ്റന്‍ രംഗത്തെത്തിയതിനു പിന്നാലെ പുതിയ നേതാവിനെ കണ്ടെത്താന്‍ വോട്ടെടുപ്പു വേണമെന്നു പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെടുകയായിരുന്നു. നേതൃത്വം പിടിച്ചെടുക്കാന്‍ ടേണ്‍ബുളും ഡറ്റനും വിദേശകാര്യമന്ത്രി ജൂലി ബിഷപ്പും തമ്മിലുള്ള ത്രികോണ ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ടേണ്‍ബുള്‍ ആദ്യമേ പിന്മാറി. ഒന്നാം റൗണ്ടില്‍ ജൂലി ബിഷപ് പുറത്തായി; രണ്ടാം റൗണ്ടില്‍ പക്ഷേ, ഡറ്റനെ പിന്തള്ളി മോറിസന്‍! വിജയിക്കുകയായിരുന്നു.
ടേണ്‍ബുള്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നു വ്യക്തമാക്കിയതോടെ, സിഡ്‌നിയിലെ വെന്റ്‌വര്‍ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. എന്നാല്‍, പൊതുതിരഞ്ഞെടുപ്പു നേരത്തെയാക്കുമെന്ന അഭ്യൂഹം പുതിയ പ്രധാനമന്ത്രി മോറിസന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്തെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണു മോറിസന്‍. ഓസ്‌ട്രേലിയയുടെ മുപ്പതാമത്തെ പ്രധാനമന്ത്രിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല