സ്വന്തം ലേഖകന്‍: ഏറ്റവും വിലപിടിപ്പുള്ള നാണയം പുറത്തിറക്കി ഓസ്‌ട്രേലിയ; വില 12.74 കോടി ഇന്ത്യന്‍ രൂപ. ഡിസ്‌കവറി എന്ന് പേരിട്ടിരിക്കുന്ന സ്വര്‍ണ നാണയത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് പിങ്ക് രത്‌നങ്ങളാണ് പതിച്ചിരിക്കുന്നത്. 24.8 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ( ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) ഈ നാണയത്തിന്റെ മൂല്യമെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയിലെ തന്നെ ആര്‍ഗയില്‍ ഖനിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത രത്‌നങ്ങളാണ് ഇതില്‍ പതിച്ചിരിക്കുന്നത്. പിങ്ക് ഡയമണ്ടുകള്‍ 1.02 എമറാള്‍ഡ് കട്ടുള്ളതാണ്. രണ്ട് കിലോയോളം ഭാരം വരുന്ന നാണയം 99.99 ശതമാനം സ്വര്‍ണ്ണത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പെര്‍ത്ത് മിന്റ് എന്ന കമ്പനിയാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത്. പായ്കപ്പല്‍, പശ്ചിമ ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ബോവ് മരങ്ങള്‍ എന്നിവയാണ് നാണയത്തില്‍ മുദ്രണം ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും വിലപിടിപ്പുള്ള നാണയങ്ങളില്‍ ഒന്നാണിത്. ഏഷ്യയില്‍ നിന്നോ മിഡില്‍ ഈസ്റ്റില്‍ നിന്നോ ഇതിന് ആവശ്യക്കാരെത്തുമെന്നാണ് വിശ്വസിക്കുന്നത്. വിലകൂടിയ ആഡംബര വസ്തുക്കള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നത് മുന്നില്‍ കണ്ടാണ് നാണയം നിര്‍മിച്ചിരിക്കുന്നതെന്ന് പെര്‍ത്ത് മിന്റ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഹയ്‌സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല