ഇന്ത്യയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ് പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. പരമ്പരയിലെ നാലാം മത്സരത്തില്‍ 298 റണ്‍സിനാണ് ഇന്ത്യ തോറ്റത്. വിദേശ മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. തൊട്ടുമുന്‍പ് നടന്ന ഇംഗ്ളണ്ട് പര്യടനത്തിലെ നാല് ടെസ്റും ഇന്ത്യ തോറ്റിരുന്നു. 1999ന് ശേഷം ഓസ്ട്രേലിയയില്‍ സംമ്പൂര്‍ണ പരാജയം നേരിടുന്നതും ഓസീസ് മണ്ണില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടാതെ പോയ ആദ്യ ടെസ്റ് പരമ്പരയും ഇതാണ്. ഇതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസീസ് സ്വന്തമാക്കി.
മത്സരത്തില്‍ ആകെ ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ഫാസ്റ് ബൌളര്‍ പീറ്റര്‍ സിഡിലാണ് മാന്‍ ഓഫ് ദ മാച്ച്. ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്കാണ് മാന്‍ ഓഫ് ദ സീരീസ്. തിരിച്ചടികള്‍ക്കിടയിലും ടെസ്റ്റിലെ കന്നി സെഞ്ച്വറി നേടി ടീമിന്റെ മാനംകാത്ത യുവതാരം വിരാട്‌കോലിയുടെ പ്രകടനമാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഒന്നാമിന്നിങ്‌സില്‍ 272 റണ്‍സിന് പുറത്തായ ഇന്ത്യ 332 റണ്‍സിന്റെ ലീഡു വഴങ്ങിയിരുന്നു. ബൗളര്‍മാര്‍ക്ക് വിശ്രമം നല്കുന്നതിനായി ഫോളോ ഓണ്‍ ചെയ്യിക്കുന്നതിനു പകരം രണ്ടാംവട്ട ബാറ്റിങ്ങിനിറങ്ങുകയായിരുന്നു ആതിഥേയര്‍. വിരാട് കോലിയുടെ സെഞ്ച്വറിയായിരുന്നു ഒന്നാമിന്നിങ്‌സിന്റെ സവിശേഷത.
ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (35)യുടെപേരില്‍ കുറിക്കപ്പെട്ടു. നാലു മണിക്കൂര്‍ ക്രീസില്‍ നിന്ന കോലി 213 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 116 റണ്‍സെടുത്തു. പരമ്പരയില്‍ ഇന്ത്യക്കാരന്റെ പേരില്‍ കുറിക്കുന്ന ആദ്യത്തെ സെഞ്ച്വറിയാണിത്. നൂറാം അന്താരാഷ്ട്ര സെഞ്ച്വറി തികയ്ക്കാനായി ഓസ്‌ട്രേലിയയിലെത്തിയ സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടിന്നിങ്‌സിലും (25, 13) പരാജയപ്പെട്ടു.
ഓഫ്സ്റ്റമ്പിനു വെളിയില്‍ പോവുകയായിരുന്ന പന്തില്‍ ബാറ്റുവെച്ച് ഗംഭീര്‍ ഒരു വട്ടംകൂടി പുറത്തായതോടെ ആദ്യ പ്രഹരമേറ്റു. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് താത്കാലിക നായകന്‍ വീരേന്ദര്‍ സെവാഗ് (62) അര്‍ധശതകം നേടിയെങ്കിലും നിരുത്തരവാദപരമായ ഷോട്ടിലൂടെ വിക്കറ്റു കളഞ്ഞ് കൂടാരം കയറി. സെവാഗ് പുറത്തായതോടെ രണ്ടാമിന്നിങ്‌സിലും കാര്യമായ ചെറുത്തുനില്പില്ലാതെ ടീം തകരുന്നതാണ് കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല