സ്വന്തം ലേഖകൻ: പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കി. മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും തിരക്കേറിയ പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷം, ബില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്.
ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് ഭീമന്‍മാരുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്‌ട്രേലയില്‍ സര്‍ക്കാരിന്റെ നടപടി. പുതിയ നിയമപ്രകാരം, പതിനാറ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് ടെക് കമ്പനികള്‍ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം അല്ലെങ്കില്‍ ഏകദേശം 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.
കമ്പനികള്‍ എന്നുമുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്ന് ഉടനെ അറിയിക്കും. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് നിരോധനം ബാധകമാകും. കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം മോശം രീതിയില്‍ പിടിമുറുക്കുകയാണെന്ന് ബില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്നിയമസഭാംഗങ്ങളോട് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തുന്നവര്‍ക്കുള്ള ആയുധവും സമപ്രായക്കാരുടെ സമ്മര്‍ദ്ദത്തിനുള്ള വേദിയും തട്ടിപ്പിനുള്ള മാര്‍ഗവുമാണെന്നും അല്‍ബാനീസ്. ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു, ലിബറല്‍ സെനറ്റര്‍ മരിയ കൊവാസിക് ഇതിനെ ‘നമ്മുടെ രാജ്യത്തെ സുപ്രധാന നിമിഷം’ എന്ന് വിശേഷിപ്പിച്ചു.
നിയമവുമായി ബന്ധപ്പെട്ട് സംസാരിച്ച നേതാക്കളില്‍ ഭൂരിപക്ഷവും ഓസ്ട്രേലിയയുടെ നീക്കത്തെ പ്രശംസിച്ചു. നിരോധനം നടപ്പിലാക്കുന്നതിനായി ബയോമെട്രിക്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ഐഡികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു വയസ് സ്ഥിരീകരണ സംവിധാനം പരീക്ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വരാനിരിക്കുന്ന മെയ് മാസത്തിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ അംഗീകാരം വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി അല്‍ബനീസിന്റെ ശ്രമമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല