സ്വന്തം ലേഖകൻ: വിദ്യാഭ്യാസ വീസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വീസാ നിയമങ്ങള്‍.മാര്‍ച്ച് 23 മുതല്‍ വീസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്. നിലവില്‍ സ്റ്റുഡന്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന ജെനുവിന്‍ ടെംപററി എന്‍ട്രന്റ്(GTE) പ്രസ്താവനയ്ക്ക് പകരം ഇനി മുതല്‍ ജെനുവിന്‍ സ്റ്റുഡന്റ് (GS)എന്ന പ്രസ്താവനയാണ് സമര്‍പ്പിക്കേണ്ടത്.
ഇതിനുമുന്‍പേ സമാനമായ മാറ്റങ്ങള്‍ യുകെ, കാനഡ പോലുള്ള രാജ്യങ്ങള്‍ ഡിസംബര്‍ 2023 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള വീസ നടപടിക്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജിടിഇ(GTE) പ്രസ്താവന. ഓസ്‌ട്രേലിയയില്‍ പഠനത്തിനായി താത്കാലിക താമസത്തിന് വന്നാണ് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന.പുതുക്കിയ നിയമം അനുസരിച്ച് ടെംപററി ഗ്രാജുവേറ്റ് വീസയ്ക്ക് 6.5 ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ വേണം. സ്റ്റുഡന്റ് വീസയ്ക്ക് 6.0 ഐഇഎല്‍ടിഎസ് സ്‌കോര്‍ വേണം.
ഇംഗ്ലീഷ് പ്രാവിണ്യ വ്യവസ്ഥകള്‍ക്കും മാറ്റമുണ്ട്.ടെംപററി ഗ്രാജുവേറ്റ് വീസയുടെ ഇംഗ്ലീഷ് പ്രാവിണ്യ ടെസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിലേക്ക് കുറച്ചു. ഇതുകൂടാതെ ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ വീസ അപേക്ഷയ്ക്ക് മുന്‍പ് തന്നെ ഹാജരാക്കണം.വീസയ്ക്കായി അക്കൗണ്ടില്‍ കാണിക്കേണ്ട തുകയ്ക്കും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ 24,505 ഡോളറാണ് അക്കൗണ്ടില്‍ കാണിക്കേണ്ടത്
ഓസ്ട്രേലിയയില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തിന്റെ വിലയിരുത്തലിന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാനഡ, യുകെ വീസ നിയമങ്ങള്‍ പുതുക്കിയതോടെ ഓസ്‌ട്രേലിയയിലേക്ക് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എത്തിയിരിക്കുന്നു. പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2022ല്‍ 1,00,009 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ എത്തി.2020ല്‍ ഇത് 33,629 പേരും, 2021 ല്‍ 8950 പേരും 2019 ല്‍ 73,808 പേരും ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല