സ്വന്തം ലേഖകന്‍: കന്യകാത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ആസ്‌ട്രേലിയയിലെ ഇസ്ലാമിക് കോളേജിന്റെ നടപടി വിവാദമാകുന്നു. മെല്‍ബണിലെ അല്‍ തഖ്‌വ ഇസ്ലാമിക് കോളേജിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിനികലെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സ്‌കൂളിലെ ഒരു മുന്‍ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിനും മറ്റു മന്ത്രിമാര്‍ക്കും സംഭവത്തെ കുറിച്ച് പരാതിപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടികള്‍ അമിതമായി കായിക മത്സരങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ കന്യകാത്വം നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്ന ആളാണ് കോളേജ് പ്രിന്‍സിപ്പല്‍ എന്ന് കത്തില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആരോപണം ശരിയെനു തെളിഞ്ഞാല്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും വിക്ടോറിയ സ്റ്റേറ്റ് വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു.
പ്രിന്‍സിപ്പാളിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചും അതിനെ ചോദ്യം ചെയ്തും കോളേജ് ക്രോസ് കണ്ട്രി ടീം അയച്ച ഒരു കത്ത് ദി ഏജ് പത്രം പുറത്തുവിട്ടു. പെണ്‍കുട്ടികള്‍ ആയതു കൊണ്ടുമാത്രം തങ്ങളെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്ന് കത്തില്‍ പറയുന്നു.
വിക്ടോറിയ സ്റ്റേറ്റിലെ ഏറ്റവും വലിയ ഇസ്ലാമിക് കോളേജാണ് അല്‍ തഖ്‌വ. 1,701 വിദ്യാര്‍ഥികള്‍ കോളേജില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. 18 വയസുവരെയുള്ള വിദ്യാര്‍ഥികളെയാണ് പ്രവേശനത്തിന് പരിഗണിക്കുക. കോളേജിന് പ്രതിവര്‍ഷം 11.6 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ധന സഹായവും ലഭിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല