സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടിയ എംപി വാര്‍ത്തയിലെ താരം, ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ ഇടതുപക്ഷ പാര്‍ട്ടിയായ ഗ്രീന്‍സ് പാര്‍ട്ടിക്കാരിയായ ലാരിസ വാട്ടേഴ്‌സാണ് തന്റെ നവജാത ശിശുവിന് മുലയൂട്ടി ചരിത്രം തിരുത്തിയെഴുതിയത്. ലാരിസയുടെ രണ്ടു മാസം പ്രായമുള്ള മകള്‍ ആലിയ ജോയും അമ്മയോടൊപ്പം വാര്‍ത്തകളിലെ താരമായി.
ഇടതുപക്ഷ പാര്‍ട്ടിയായ ഗ്രീന്‍സ് പാര്‍ട്ടിക്കാരിയാണ് ലാരിസ. കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റംഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മുലയൂട്ടാം എന്ന നിയമം വരുന്നത്. എന്നാല്‍, ഇതുവരെയും ഒരു എംപിയും പാര്‍ലമെന്റില്‍ വെച്ച് മുലയൂട്ടിയിട്ടില്ല, അതിനാല്‍ പാര്‍ലമെന്റിലെ ആദ്യത്തെ മുലയൂട്ടല്‍ ചരിത്രമാകുകയും ചെയ്തു. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു വാര്‍ത്തയോടുള്ള ലാരിസയുടെ പ്രതികരണം.
‘സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നു എന്നത് അന്താരാഷ്ട്ര വാര്‍ത്തയാകുന്നു എന്നതു തന്നെ എന്ത് പരിഹാസ്യമാണ്‍ കാലങ്ങളായി സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത് മാത്രമായിരുന്നില്ല ലക്ഷ്യം. ഇവിടത്തെ സ്ത്രീകളോട് അവര്‍ക്ക് പാര്‍ലമെന്റിലും സ്ഥാനമുണ്ട് എന്ന സന്ദേശം കൊടുക്കാന്‍ കൂടിയാണ്’ ലാരിസ പറഞ്ഞു.നേരത്തെ കുടുംബ സൗഹൃദ ജോലി സ്ഥലങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലാരിസ ആവശ്യപ്പെട്ടിരുന്നു.
ലോകമെങ്ങും പാര്‍ലമെന്റുകളില്‍ സ്ത്രീകള്‍ മുലയൂട്ടാറുണ്ടെന്ന് ലേബര്‍ സെനറ്റര്‍ കേറ്റി ഗാലഗര്‍ പറഞ്ഞു. സംഭവം അഭിനന്ദം അര്‍ഹിക്കുന്നതാണെന്നും ഗാലഗര്‍ പറഞ്ഞു. ‘സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകും, അവര്‍ക്ക് ജോലി ചെയ്യുകയും കുട്ടികളെ നോക്കുകയും ഒരുമിച്ച് ചെയ്യണമെങ്കില്‍, അതിനെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം എന്നതാണ് യാഥാര്‍ത്ഥ്യം., ഗാലഗര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല