ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടിന് സ്ഥാനം നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ക്യാബിനറ്റ് മന്ത്രി മാല്‍കം ടേണ്‍ബുള്ളാണ് അബട്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ അബട്ട് പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവെക്കും. ടേണ്‍ബുള്ളായിരിക്കും പുതിയ പ്രധാനമന്ത്രി.
ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തിനായുള്ള മത്സരത്തില്‍ ടേണ്‍ബുള്ളിന് 54 വോട്ടുകള്‍ ലഭിച്ചു. ടോണി അബട്ടിന് 44 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതാണ് ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിവെച്ചിരിക്കുന്നത്.
ടോണി അബട്ടിന്റെ നേതൃത്വത്തില്‍ ഭരണം തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സഖ്യസര്‍ക്കാരിന് തിരിച്ചടി നേരിടുമെന്ന് മാല്‍കം ടേണ്‍ബുള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്ക്ക് പുതിയ പ്രധാനമന്ത്രിയെയാണ് വേണ്ടത്. സാമ്പത്തിക ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിലവിലെ നേതൃത്വം പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2013ലാണ് ടോണി അബട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2013 ശേഷം ഓസ്‌ട്രേലിയയിലെ നാലാമത്തം പ്രധാനമന്ത്രിയാകും ശതകോടീശ്വരനും മുന്‍ ബാങ്കറുമായ ടേണ്‍ബുള്‍. അബട്ട് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല