1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2024

സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെചീത്ത വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയല്‍ റിസപ്ഷന്‍ ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാര്‍ലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ തോര്‍പ്പ് പാഞ്ഞെത്തിയത്.

നീ ഞങ്ങളുടെ ആളുകളെ കൊന്നുതള്ളി, ഞങ്ങളുടെ ഭൂമി നശിപ്പിച്ചു.. മോഷ്ടിച്ചു കൊണ്ടുപോയതെല്ലാം തിരിച്ചു തരൂ…’ എന്നു തുടങ്ങി ചാള്‍സ് രാജാവിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു ലിഡിയ. ‘ഇതു നിന്റെ ഭൂമിയല്ല, നീ എന്റെ രാജാവുമല്ല’ എന്ന് ഉച്ചത്തില്‍ അലറവേ ഉടന്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡ്‌സ് അവിടേക്ക് പാഞ്ഞെത്തുകയും ലിഡിയയെ ബലമായി പിടിച്ചു മാറ്റുകയും ആയിരുന്നു. അതിനിടയിലും ചാള്‍സിനെതിരെ ഉറച്ച ശബ്ദത്തില്‍ അലറിവിളിക്കുകയായിരുന്നു എംപി.

അതേസമയം, പാര്‍ലമെന്റ് ഹൗസിലുണ്ടായ തോര്‍പ്പിന്റെ പൊട്ടിത്തെറിയെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരം തയ്യാറായില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞെങ്കിലും തോര്‍പ്പിന്റെ പ്രതികരണത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായല്ല, തോര്‍പ്പിനെ പ്രതിഷേധങ്ങള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയലിലെ രാജവാഴ്ചയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന നേതാവായിട്ടാണ് തോര്‍പ്പ് അറിയപ്പെടുന്നത്.

100 വര്‍ഷത്തിലധികം ഓസ്ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു. ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം ഓസ്‌ട്രേലിയ പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. കോളനിക്കാലത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്ട്രേലിയക്കാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. 1901ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂര്‍ണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാള്‍സ് രാജാവാണ് നിലവിലെ ആസ്‌ട്രേലിയന്‍ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോര്‍പ്പ് അറിയപ്പെടുന്നത്.

മാത്രമല്ല, ആദിവാസി വിഭാഗത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവു കൂടിയാണ് ലിഡിയ തോര്‍പ്പ്. 2022ല്‍ അവര്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് കാര്‍ഡില്‍ അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബര്‍ പ്രസിഡന്റ് സ്യൂ ലൈന്‍സ് നിര്‍ദേശിക്കുകയായിരുന്നു. സംഭവം വിദേശമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.