സ്വന്തം ലേഖകൻ: “ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങളുടെ അറിവും വൈദഗ്ധ്യവും ലോകത്തിന് നല്‍കികൊണ്ടിരിക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെ നല്‍കിയ നാടാണ് ഇന്ത്യ. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യയുടെ പ്രാധാന്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” മോദി പറഞ്ഞു.
41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിച്ചിരിക്കുകയാണെന്നും മോദി എടുത്തുപറഞ്ഞു.
” നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ഓസ്ട്രിയയും തങ്ങളുടെ സൗഹൃദത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. എങ്കിലും ഞങ്ങൾക്ക് നിരവധി സമാനതകളുണ്ട്. ജനാധിപത്യം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയ്ക്ക് ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കുന്നു.ഇരു രാജ്യങ്ങളും വൈവിധ്യത്തെ ആഘോഷിക്കുന്നു, ” അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ഈയടുത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിനെപ്പറ്റിയും അദ്ദേഹം വാചാലനായി. രാജ്യത്തെ ഭൂരിഭാഗം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തിരഞ്ഞെടുപ്പ് നടന്നിട്ടും മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടുവെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു .
2047 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യ ഒരു വികസിത രാഷ്ട്രമായി 2047 ൽ സ്വാതന്ത്ര്യത്തിൻ്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
“നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗവൺമെൻ്റുകൾ തമ്മിൽ കെട്ടിപ്പടുത്തത് മാത്രമല്ല. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പൊതുജന പങ്കാളിത്തം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഈ ബന്ധങ്ങളിൽ നിങ്ങളുടെ എല്ലാവരുടെയും പങ്ക് പ്രധാനമായി കണക്കാക്കുന്നത് ” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓസ്ട്രിയൻ തൊഴിൽ-സാമ്പത്തിക വകുപ്പ് മന്ത്രി മാർട്ടിൻ കോച്ചറും ചടങ്ങിൽ പങ്കെടുത്തിരുന്നു.അതേസമയം 31,000 ഇന്ത്യക്കാരാണ് നിലവിൽ ഓസ്ട്രിയയിൽ താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല