Mag. വര്‍ഗീസ് പഞ്ഞിക്കാരന്‍
വിയന്ന: അനാരോഗ്യം മൂലം നാളിതുവരെ ചെയ്തിരുന്ന ജോലി തുടരാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന താല്‍കാലിക പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ ഓസ്ട്രിയന്‍ മന്ത്രിസഭ തീരുമാനിച്ചു. 1963 ഡിസംബര്‍ 31 -ന് ശേഷം ജനിച്ചവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഈ വര്‍ഷം തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ പെന്‍ഷന്‍ വ്യവസ്ഥ നിലവില്‍ വന്നു തുടങ്ങിയാല്‍ 2018 ആകുമ്പോഴേയ്ക്കും 700 ദശലക്ഷം യുറോ പെന്‍ഷന്‍ ഫണ്ടില്‍ മിച്ചം വയ്ക്കാന്‍ സാധിക്കുമെന്ന് സാമുഹ്യ വകുപ്പ് മന്ത്രി റുഡോള്‍ഫ് ഹുണ്ട്സ്‌റ്റോര്‍ഫര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
2014 ജനുവരി 1 മുതല്‍ താല്‍കാലിക പെന്‍ഷന് അര്‍ഹതയില്ലാത്തവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും അല്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു ജോലിക്കാവശ്യമായ പഠനത്തിനുളള ധനസഹായം ആരോഗ്യവകുപ്പില്‍ നിന്നും തൊഴില്‍ വകുപ്പില്‍ നിന്നും ലഭിക്കും. എന്നാല്‍ നിത്യരോഗികള്‍ ആയവരോ ജോലിയ്ക്ക് തുടരാന്‍ ഒരു കാരണവശാലും സാധിക്കാത്തവരോ അത് ബോധ്യപ്പെടുത്തിയാല്‍ പ്രായം പരിഗണിക്കാതെ അനാരോഗ്യത്തിന് ലഭിക്കുന്ന പെന്‍ഷന് അപേക്ഷികാവുന്നതാണ്.
യുറോപ്പിയന്‍ യുണിയനിലെ ശരാശരി പെന്‍ഷന്‍ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്ട്രിയയിലെ പെന്‍ഷന്‍ പ്രായം (58) വളരെ കുറവാണെന്ന കാരണത്താലാണ് മന്ത്രിസഭ പുതിയ നിയമം കൊണ്ടുവന്നത്. അസുഖം ബാധിച്ചവരുടെ സാമുഹ്യ ജീവിത നിലവാരം അഭിവൃദ്ധിപ്പെടുത്തുക, അതിനുള്ള ധനസഹായം നല്‍കുക തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ ഇതിനു നിദാനമായി ഉയര്‍ത്തിപ്പിടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല