സ്വന്തം ലേഖകൻ: ബഹ്റൈനില്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് അംഗീകൃത വിതരണക്കാര്‍ (ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍) എന്ന പദവി ലഭിക്കാനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ബഹ്റൈന്‍. ഇനി മുതല്‍ ഈ പദവി ലഭിക്കണമെങ്കില്‍ കമ്പനികളില്‍ ബഹ്റൈന്‍ സ്വദേശികള്‍ക്ക് ചുരുങ്ങിയത് 51 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്.
അതിനു പുറമെ, കമ്പനിയുടെ ആസ്ഥാനം ബഹ്റൈനില്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബഹ്റൈന്‍ വ്യവസായ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയത്തിനു കീഴിലെ കൊമേഴ്സ്യല്‍ റെജിസ്ട്രേഷന് ആന്റ് കമ്പനീസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൈസല്‍ സാലിഹ്, രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബദര്‍ അല്‍ സാദ്, ലീഗല്‍ അഫയേഴ്സ് അഡൈ്വസര്‍ മുഹമ്മദ് അല്‍ ഈദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെമിനാറില്‍ ഇതുമായി ബന്ധപ്പെട്ട അവതരണം നടന്നത്.
ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍ പദവിക്കായി അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് കമേഴ്സ്യല്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണമെന്നും നിര്‍മാണ കമ്പനിയുമായി വിതരണ കരാറില്‍ ഒപ്പുവച്ചതിന്റെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ട്രേഡ്മാര്‍ക്ക് ഉല്‍പ്പന്നത്തിന് രാജ്യത്ത് ഒന്നില്‍ കൂടുതല്‍ അംഗീകൃത വിതരണക്കാര്‍ ഉണ്ടാവുന്നതില്‍ തെറ്റില്ല.
അതേസമയം, ഒരു ട്രേഡ് മാര്‍ക്ക് സ്ഥാപനം 49 ശതമാനത്തില്‍ കൂടുതല്‍ പ്രവാസി പങ്കാളിത്തമുള്ള ഒരു കമ്പനിക്ക് അംഗീകൃത വിതരണക്കാരന് എന്ന സ്റ്റാറ്റസ് നല്കാന് വിസമ്മതിക്കുമ്പോള്‍ അക്കാര്യം രണ്ടുവിഭാഗങ്ങളും മന്ത്രാലയത്തെ അറിയിക്കണം. എല്ലാ വിതരണ കരാറുകളുടെയും വിശദാംശങ്ങള്‍ മന്ത്രാലയം സൂക്ഷിച്ചുവയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക അംഗീകാരമില്ലാതെ ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍ എന്ന സ്റ്റാറ്റസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല