സ്വന്തം ലേഖകന്‍: ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തലിനെതിരെ ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പത്തു വയസുകാരനായ തൈറോണ്‍ സെവില്ലയാണ് നികുതി ദായകര്‍ക്ക് ഒരു ബാധ്യതയാകുമെന്ന ന്യായത്തിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.
രണ്ടു വയസു പ്രായമുള്ളപ്പോള്‍ അമ്മയോടൊപ്പം ഫിലിപ്പീന്‍സില്‍ നിന്ന് നിയമപരമായി കുടിയേറിയതാണ് തൈറോണ്‍. തൈറോണിന്റെ അമ്മ ഇപ്പോള്‍ ക്യൂന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
2008 ല്‍ ഓട്ടിസം ബാധിച്ചതോടെയാണ് തൈറോണിന്റെ ശനിദശ തുടങ്ങിയത്. മൈഗ്രേഷന്‍ റിവ്യൂ ട്രിബ്യൂണലിന്റെ അഭിപ്രായത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഓട്ടിസം പോലുള്ള കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള രോഗങ്ങള്‍ ബാധിക്കുന്നത് ആസ്‌ട്രേലിയന്‍ പൊതു സമൂഹത്തിന് ബാധ്യതയാകും.
അതിനാല്‍ ട്രിബ്യൂണല്‍ തൈറോണിനും അമ്മക്കും വിസ പുതുക്കി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരായ ഇരുവരും നാടു കടത്തല്‍ ഭീഷണി നേരിടുകയാണെന്ന് തൈറോണിന്റെ അമ്മ മരിയ സെവില്ല ആസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ നികുതി നല്‍കുന്ന ആളാണെന്നും ആരോഗ്യ ഇന്‍ഷുറന്‍സും വര്‍ക്ക് വിസയുമുണ്ടെന്നും മരിയ പറഞ്ഞു. എന്നാല്‍ വിസയുടെ കാലവധി തിങ്കളാഴ്ച അവസാനിക്കുകയാണ്. സംഭവം വാര്‍ത്തയായതോടെ തൈറോണിനും അമ്മക്കും പിന്തുണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സന്ദേശങ്ങളുടെ പ്രവാഹമാണ്.
ഇരുവരേയും നാടുകടത്തരുത് എന്നാവശ്യപ്പെടുന്ന 112,000 പേര്‍ ഒപ്പിട്ട ഒരു നിവേദനം മരിയ ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡറ്റണു നല്‍കിയിട്ടുണ്ട്. നിവേദനത്തിന്റെ കാര്യത്തില്‍ ഏത്രയും വേഗം നടപടിയെടുക്കുമെന്നും മരിയ സ്വന്തമായി വരുമാനം ഉള്ളയാളാണെന്നതും തൈറോണിന് ആവശ്യമായ പരിചരണം നല്‍കാന്‍ കഴിയുമെന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല