അവളുടെ രാവുകളുടെ റീമേക്കില്‍ താന്‍ നായികയാകുന്നു എന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നു സനുഷ. ചിത്രത്തിലെ നായികയായി തന്റെ പേരും പറഞ്ഞുകേട്ടതോടെ ഇരിക്കപ്പൊറുതി ഇല്ലാതായതായി സനുഷ പറയുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത അവളുടെ രാവുകളില്‍ സീമ അവതരിപ്പിച്ച വേഷം സനുഷ ചെയ്യുമെന്നാണു വാര്‍ത്ത പരന്നത്. പ്രേക്ഷകരുടെ സിരകളില്‍ ലഹരിയായി പടര്‍ന്ന രാജി എന്ന കഥാപാത്രമായി റീമേക്കില്‍ സനുഷ എത്തുന്നുവെന്നു കേട്ടതോടെ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. ഈ വാര്‍ത്തയില്‍ തരിമ്പും സത്യമില്ലെന്നു
സനുഷ. അവളുടെ രാവുകളില്‍ അഭിനയിക്കാമോ എന്നു ചോദിച്ച് ആരും തന്നെ സമീപിച്ചിട്ടില്ല. ഇത്തരം വേഷങ്ങളില്‍ താനൊരിക്കലും അഭിനയിക്കില്ലെന്നും സനുഷ വ്യക്തമാക്കുന്നു. അവളുടെ രാവുകളില്‍ പ്രിയാമണി നായികയാകുന്നു എന്നാണ് ആദ്യം കേട്ടത്. 18നും 20നും മധ്യേ പ്രായമുള്ള നായികയെയാണു ചിത്രത്തിനാവശ്യം. പ്രിയാമണിക്ക് അതിനേക്കാള്‍ പ്രായമുളളതിനാല്‍ പ്രിയാമണിയെ വേണ്െടന്നു വയ്ക്കുകയായിരുന്നു. പ്രായം കുറവായതിനാലാണു സനുഷയെയും രമ്യയെയും നായികയായി പരിഗണിച്ചത്.
നായികയെ കിട്ടാത്തതു കൊണ്ട് അവളുടെ രാവുകളുടെ ചിത്രീകരണം നീണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിട്ടും നായികയെ ലഭിക്കാത്തതു സംവിധായകനെയും അണിയറ പ്രവര്‍ത്തകരെയും വിഷമത്തിലാ ക്കിയിരുന്നു.പിന്നീടാണു ചിത്രത്തില്‍ സനുഷയോ രമ്യാ നമ്പീശനോ നായികയാകും എന്നു കേട്ടത്. സനുഷ വാര്‍ത്ത നിഷേധിച്ചതോടെ രമ്യാ നമ്പീശന്‍ തന്നെ അവളുടെ രാവുകളില്‍ നായികയാകും എന്നാണു സൂചനകള്‍. ഗ്ളാമറസാകാന്‍ തയാറെന്നു രമ്യയുടെ ചില സിനിമകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതാണു രമ്യയെ ചിത്രത്തിലേക്കു പരിഗണിക്കാന്‍ കാരണമത്രേ.
സിനിമാ ചര്‍ച്ചകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. യുവാക്കള്‍ക്കു ഹരംപകര്‍ന്ന നായികയായിരുന്നു അവളുടെ രാവുകളില്‍ സീമ ചെയ്ത രാജി എന്ന കഥാപാത്രം. മലയാളത്തിലെ ആദ്യത്തെ അഡല്‍റ്റ്സ് ഒണ്‍ലി (എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച) ചിത്രമാണ് അവളുടെരാവുകള്‍. രാജി എന്ന അഭിസാരികയുടെ വേഷമായിരുന്നു സീമയ്ക്ക്. ചിത്രത്തിനു വേണ്ടി ഷര്‍ട്ട് മാത്രം ധരിച്ച സീമയുടെ പോസ്റ്റര്‍ അന്നത്തെ സംസാരവിഷയമായിരുന്നു.
മലയാളത്തില്‍ ആദ്യമായാണ് അത്തരമൊരു പോസ്റ്റര്‍ ഇറങ്ങിയത്. ഇതാണു പ്രധാനമായും യുവാക്കളെ തീയറ്ററിലേക്കാകര്‍ഷിച്ച ഘടകം. 1978 ലാണു ചിത്രം പുറത്തിറങ്ങിയത്. കാലോചിതമാറ്റങ്ങളുമായാണ് അവളുടെ രാവുകളുടെ പുതിയ പതിപ്പ് എത്തുക. എന്നാല്‍ കഥാതന്തുവില്‍ മാറ്റമുണ്ടാകില്ല. രമ്യാനമ്പീശന്‍ തന്നെയാകുമോ നായിക ? അതോ മാറ്റമുണ്ടാകുമോ എന്ന കാത്തിരിപ്പിലാണു പ്രേക്ഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല