1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2024

സ്വന്തം ലേഖകൻ: യുകെയിലെ ശരാശരി വീട് വില മൂന്നു ലക്ഷം പൗണ്ടിനടുത്തായതായി യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് പറയുന്നു. നവംബറില്‍ വീടിന്റെ വിലയില്‍ ഉണ്ടായത് 1.3 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു എന്നും ഇവര്‍ വിലയിരുത്തുന്നു. കോവിഡ് പ്രതിസന്ധിക്കും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിന്റെ പ്രതിസന്ധിക്കും, മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഇടിവിനും ശേഷം, നിങ്ങള്‍ പ്രതീക്ഷിക്കുന്നത് അഞ്ച് വര്‍ഷം മുന്‍പുണ്ടായ വില തന്നെയായിരിക്കും വീടിനെന്നാണെങ്കില്‍ അത് തെറ്റി, 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍, ഇതര്‍ത്ഥമാക്കുന്നത് ബ്രിട്ടനില്‍ എവിടെയും വീട് വാങ്ങണമെങ്കില്‍ മൂന്നു ലക്ഷം പൗണ്ട് ചെലവാക്കേണ്ടി വരും എന്നല്ല. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടുകളുടെ ശരാശരി വില രണ്ടു ലക്ഷത്തിന് അല്‍പം മുകളിലാണെങ്കില്‍, ലണ്ടനിലത് 5,45,439 പൗണ്ടാണ്. എന്നാല്‍, എല്ലായിടത്തും ഇത് വരുമാനത്തിനേക്കാള്‍ കൂടിയ അനുപാതത്തിലാണ് ഉയരുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഇരട്ടി വേഗത്തിലാണ് 2000 മുതല്‍ വീടുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പോലും ലണ്ടനില്‍ ഒരു ശരാശരി വീട് വാങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകള്‍ അനുസരിച്ച്, ബ്രിട്ടനിലെ 10 ശതമാനം വരുന്ന സമ്പന്നര്‍ക്ക് മാത്രമാണ്, കുടുംബത്തിന്റെ അഞ്ചു വര്‍ഷത്തെ വരുമാനത്തേക്കാള്‍ താഴ്ന്ന വിലയ്ക്ക് വീട് വാങ്ങുവാന്‍ കഴിയുക. 2023 മാര്‍ച്ചിലെകണക്കാണിത്. ആ കാലത്ത് ചെലവാക്കാന്‍ കഴിയുന്ന ശരാശരി വാര്‍ഷിക വരുമാനം 35,000 പൗണ്ട് ആയിരുന്നു. അതുപോലെ അക്കാലത്തെ ഇംഗ്ലണ്ടിലെ ശരാശരി വീട് വില 2,98, 000 പൗണ്ട് ആയിരുന്നു. അതായത്, വീട് വിലയും വരുമാനവും തമ്മിലുള്ള അനുപാതം 8.6 ആയിരുന്നു എന്ന് ഒ എന്‍ എസ് പറയുന്നു.

അതേസമയം, ഏറ്റവും കുറവ് വരുമാനമുള്ളവരുടെ കാര്യമാണെങ്കില്‍, ഇംഗ്ലണ്ടിലെ ശരാശരി വീട് വില അവരുടെ ശരാശരി വാര്‍ഷിക വരുമാനത്തിന്റെ 18.2 മടങ്ങായിരുന്നു. ലണ്ടന്‍ ഒഴിച്ചുള്ള ഇടങ്ങളിലേതാണ് ഈ കണക്ക്. ലണ്ടനിലെ വീട് വില, ഇത്തരക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും ആകാത്തത്ര ഉയരത്തിലായിരുന്നു. ഇതേസമയം, വെയ്ല്‍സില്‍ ഇത് 5.8 ഇരട്ടിയും, സ്‌കോട്ട്‌ലാന്‍ഡില്‍ 5.6 ഇരട്ടിയും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അഞ്ച് ഇരട്ടിയുമായിരുന്നു. അതായത്, അഞ്ചു വര്‍ഷത്തെ വരുമാനം മുഴുവന്‍ സ്വരുക്കൂട്ടി വെച്ചാല്‍ പോലും ഒരു വീട് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത് എന്ന് ചുരുക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.