നടന് ജഗതി ശ്രീകുമാറിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി തഴഞ്ഞുവെന്ന ആരോപണമുയരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുന്ന വേളയില്‍ നായകനായി അഭിനയിച്ചില്ലെന്ന കാരണത്താല്‍ ജഗതിയെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപണം.
ബ്ലെസ്സിയുടെ പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിനും അനുപംഖേറിനും മികച്ച നടനുള്ള പുരസ്കാരം നല്കാമെന്നുള്ള വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദത്തിലെത്തുമെന്ന് തിരിച്ചറിഞ്ഞാണ് ദിലീപിന്റെ പേര് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ദിലീപിനു പകരം എന്തുകൊണ്ട് ജഗതി ശ്രീകുമാറിനെ പരിഗണിച്ചു കൂടാ എന്ന നിര്‍ദേശം ജൂറി അംഗങ്ങള്‍ മുന്നോട്ടു വച്ചത്.ജഗതി മികച്ച നടനാണെന്നും അതാര്‍ക്കും നിഷേധിയ്ക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു.
ഇത് സംബന്ധിച്ച് ചര്‍ച്ച മുറുകിയപ്പോള്‍ നായകനായി അഭിനയിക്കുന്ന നടനു മാത്രമേ മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനാവൂയെന്ന മറുവാദമുയര്‍ന്നത്. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് ജഗതി ശ്രീകുമാറിനു നല്‍കാനുള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണെന്നും നായകനായി അഭിനയിച്ചാല്‍ മാത്രമേ മികച്ച നടനായി പരിഗണിക്കാവൂ എന്ന വാദം ബാലിശമാണെന്നും ജൂറി അംഗങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി.
പക്ഷേ ഇത് അംഗീകരിക്കപ്പെട്ടില്ല.ഭൂരിപക്ഷാഭിപ്രായം നായക നടന് തന്നെ മികച്ച നടന് എന്നതിന് അനുകൂലമായി. ജഗതിയുടെ മൂന്ന് ചിത്രങ്ങള്‍ ജൂറിയുടെ മുന്പിലുണ്ടായിരുന്നു. പക്ഷേ നായകനടനല്ലെന്ന കാരണത്താല്‍ ജഗതി തള്ളപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല