സ്വന്തം ലേഖകൻ: ഡിജിറ്റൽ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ വിവര സുരക്ഷയ്ക്കായി ബോധവത്കരണ കാമ്പയിനുമായി ഖത്തർ സെൻട്രൽ ബാങ്ക്. ബാങ്കുകളുടെ പേരിൽ വരുന്ന ഫോൺ വിളികളെ ജാഗ്രതയോടെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സൈബർ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക. അവ തടയുന്നതിനുള്ള വഴികൾ എല്ലാവരിലേക്കും എത്തിക്കുക എന്നിവയാണ് കാമ്പയിനിന്റെ ലക്ഷ്യങ്ങൾ.
ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രധാനമായും മൊബൈൽ ഫോൺ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് വിശദമാക്കുന്ന പ്രചാരണങ്ങൾ കാമ്പയിന്റെ ഭാഗമായി നടക്കും. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന സന്ദേശത്തോടെ വരുന്ന ഫോൺ വിളികൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണം ഇത്തരം ഫോൺ കോളുകളിൽ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്.
അജ്ഞാത അന്താരാഷ്ട്ര കോളുകൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കുക, ഫോൺ വിളികളിൽ സംശയം തോന്നിയാൽ ഉടനെ സ്ഥാപങ്ങളുമായി ബന്ധപെടുക, ബാങ്ക് കാർഡ് നഷ്ടപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ ബ്ലോക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എ.ടി.എമ്മുകളിൽ നിയമവിരുദ്ധമായി ഇൻസ്റ്റാൾ ചെയ്ത സ്കിമ്മിംഗ് ഉപകരണങ്ങൾക്ക് കാർഡ് ഡാറ്റ പിടിച്ചെടുക്കാനും പിൻ റെക്കോർഡ് ചെയ്യാനും കഴിയും. ഇത് സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല