അണു ആയുധങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞ് അമേരിക്ക ഇറാന്‍ മറ്റ് രാജ്യങ്ങള്‍ക്കൊരു ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമെയ്‌നി പറഞ്ഞു. ഇറാനിലെ മിലിട്ടറി കമാന്‍ഡേഴ്‌സിനോട് സംസാരിക്കുമ്പോഴായിരുന്നു ഖമെയ്‌നിയുടെ പ്രസ്താവന. നൂക്ലിയര്‍ നെഗോസിയേഷന്‍സ് അടുത്തയാഴ്ച്ചയോടെ തുടങ്ങാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
നൂക്ലിയര്‍ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ പരമോന്നത നേതാവ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അമേരിക്കയെ അവിശ്വസിക്കുകയാണ് അദ്ദേഹം.
‘ അണു ആയുധങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഇറാന്‍ ഒരു ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. യാതൊരു തടസ്സങ്ങളുമില്ലാത്ത ഇടപെടീലുകള്‍ നടത്തുന്ന അമേരിക്കയാണ് യഥാര്‍ത്ഥത്തിലുള്ള ഭീഷണി’. – അയത്തുള്ള ഖമെയ്‌നി പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പെടെുള്ള ആറു രാജ്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. അയത്തുള്ളയുടെ പ്രസ്താവനകള്‍ നയതന്ത്ര ബന്ധത്തെ തുരങ്കം വെയ്ക്കുന്നതല്ല. അദ്ദേഹം നയതന്ത്ര ഇടപെടീലുകള്‍ക്കും തര്‍ക്കപരിഹാര ശ്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണ നല്‍കുമ്പോഴും അമേരിക്കയുടെ ചെയ്തികളെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം നീക്കിയാല്‍ ഇറാന്‍ അണുബോംബ് ഉണ്ടാക്കുമെന്നും അത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും അമേരിക്ക ഭയപ്പെടുന്നു.
നൂക്ലിയര്‍ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ അന്തിമ ധാരണയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം എത്രയുംപെട്ടെന്ന് നീക്കണമെന്ന് കഴിഞ്ഞ മാസത്തില്‍തന്നെ അയത്തുള്ള ഖമെയ്‌നി ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് അംഗീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല