
ഫാ. ടോമി എടാട്ട് (ലണ്ടൻ): ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ ആണ്ടുതോറും നടത്തിവരാറുള്ള എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2020 മെയ് 23 ശനിയാഴ്ച എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേർന്ന് ഒറ്റ വിശ്വാസസമൂഹമായി ഈ തിരുനാളിൽ പങ്കെടുക്കും. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കഴിഞ്ഞ രണ്ടു തീർത്ഥാടനങ്ങളും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫെബ്രുവരി 22 ശനിയാഴ്ച റെഡ്ഹിലിൽ വച്ചു നടന്ന ലണ്ടൻ റീജിയണൽ ട്രസ്ടിമാരുടെ മീറ്റിംഗിൽ വച്ച് നടന്ന ആലോചനയോഗത്തിൽ വികാരി ജനറാൾമാരായ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ജോർജ് ചേലക്കൽ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട്, മിഷൻ ഡയറക്ടർമാരായ ഫാ. ബിനോയ് , ഫാ. ജോസ് അന്ത്യാകുളം, ഫാ. സാജു പിണക്കാട്ട് എന്നിവർ പങ്കെടുത്തു. രൂപതയിലെ എല്ലാ റീജിയനുകളുടെയും സമ്പൂർണ പങ്കാളിത്തം സാധ്യമാക്കുവാൻ ലണ്ടൻ റീജിയണിലെ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു ഉചിതമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുവാൻ യോഗം തീരുമാനിച്ചു.
പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏറ്റവും വലിയ മരിയൻ തീർത്ഥാടനമാണ് കർമ്മലമാതാവിന്റെ സന്നിധിയിൽ വച്ചു നടക്കുന്ന ഈ തിരുനാൾ. ഇംഗ്ലണ്ടിൽ ഏറ്റവുമധികം മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തോടനുബന്‌ധിച്ച് മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി അണിയിച്ചൊരുക്കുന്ന മരിയൻ സംഗീത മത്സരം രാവിലെ 9.30 മുതൽ എയ്ൽസ്‌ഫോർഡ് പ്രയറിയിൽ വച്ച് നടത്തപ്പെടുകയാണ്. കർമ്മലനാഥയുടെ സന്നിധിയിൽ ഇദംപ്രഥമമായി അരങ്ങേറുന്ന മരിയൻ സംഗീതമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 07944067570, 07720260194
ഫാ. ടോമി എടാട്ട്
പിആർഒ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല