1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2023

സ്വന്തം ലേഖകൻ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. വികസനം, പൈതൃകം എന്നിവയുടെ ശക്തി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ചിലരെ ക്ഷണിച്ചിട്ടുണ്ടെന്നും അവർ ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനഗരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭക്തന്മാരെന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെല്ലാവർക്കും വരാം. രാമക്ഷേത്രം എക്കാലവും അവിടെ ഉണ്ട്.’’ – പ്രധാനമന്ത്രി മോദി പറഞ്ഞു.

ജനുവരി 22ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ രാജ്യം മുഴുവൻ മഹത്വത്തിൽ തിളങ്ങണം. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.

‘‘ശ്രീരാമൻ ഒരു കൂടാരത്തിന് കീഴിൽ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നാല് കോടി പാവപ്പെട്ടവർക്ക് വീടുകൾ ലഭിച്ചതുപോലെ ഒരു കോൺക്രീറ്റ് വീട് ലഭിക്കും.’’– മോദി പറഞ്ഞു.

പ്രധാധനമന്ത്രി ഉജ്ജ്വല യോജന കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് പതിറ്റാണ്ടിനിടെ 14 കോടി ഗ്യാസ് കണക്ഷനുകൾ മാത്രമാണ് നൽകിയതെന്നും എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ തന്റെ സർക്കാർ നൽകിയത് 18 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ അയോധ്യയിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തു. രണ്ടു പുതിയ അമൃത് ഭാരത്, ആറു പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്തു. നവീകരിച്ച 4 റോ‍‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ നവീകരിച്ചിരിക്കുന്നത്

അയോധ്യാ നഗരത്തിലേക്ക് 11,100 കോടിയുടെയും യുപിയുടെ മറ്റു ഭാഗങ്ങളിലേക്ക് 4,600 കോടിയുടെയും പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും പങ്കെടുത്തു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായാണ് മോദിയുടെ സന്ദർശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.