സ്വന്തം ലേഖകൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉത്സവാന്തരീക്ഷത്തിൽ അയോധ്യനഗരം. നഗരം മുഴുവൻ ദീപാലംകൃതമാണ്. ഭക്തരും ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധിപ്പേരാണ് അയോധ്യയിലേക്ക് ഒഴുകുന്നത്. പാട്ടുകളും നൃത്തങ്ങളുമായി ആളുകൾ ആഘോഷിക്കുന്ന കാഴ്ചയാണ് വഴിയിലുടനീളം കാണുന്നത്. എല്ലാ ക്ഷേത്രങ്ങളിലും പ്രഭാഷണ പരമ്പരകളും അന്നദാനവും അടക്കമുള്ള ചടങ്ങുകളുണ്ട്.
തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലും വിവിധ ചടങ്ങുകൾ നടക്കുന്നുണ്ട്. ക്ഷേത്രം പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുന്ന ജോലി പുരോഗമിക്കുന്നു. പ്രസാദമായി സമർപ്പിക്കാനുള്ള ലഡ്ഡു വിവിധ സ്ഥലങ്ങളിൽനിന്ന് അയോധ്യയിലെത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂട്ടും രാമക്ഷേത്രത്തിലെത്തിച്ചു. 400 കിലോ ഭാരമുള്ള താഴും താക്കോലും അലിഗഡിൽനിന്നാണ് അയോധ്യയിലെത്തിച്ചത്. ആറു മാസം കൊണ്ടാണ് പൂട്ട് നിർമിച്ചത്.
പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് രാമക്ഷേത്രം കനത്ത സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷ സംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക സുരക്ഷാ സേന (എസ്‌എസ്‌എഫ്), സിആർപിഎഫ്, പിഎസി എന്നീ സേനകൾക്കാണ് സുരക്ഷാ ചുമതല. എൻഎസ്‌ജി പരിശീലനം ലഭിച്ച എസ്എസ്‌എഫിന്റെ നൂറോളം കമാൻഡോകൾ ക്ഷേത്രത്തിനു ചുറ്റും റോന്തു ചുറ്റുന്നുണ്ട്. പ്രധാനപ്രതിഷ്ഠയായ രാം ലല്ല സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന് സിആർപിഎഫാണ് സുരക്ഷ ഒരുക്കുന്നത്.
യുപി പൊലീസിൽനിന്നും പിഎസിയിൽനിന്നും ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന എസ്എസ്എഫിന്റെ 1400 പേരടങ്ങുന്ന സംഘമാണ് ‘റെഡ് സോൺ’ മേഖലയിൽ സുരക്ഷ ഒരുക്കുന്നത്. റെഡ് സോണിന് പുറത്തുള്ള ‘യെലോ സോണിൽ’ എസ്‌എസ്‌എഫ് ഉദ്യോഗസ്ഥരെ കൂടാതെ പിഎസി, യുപി സിവിൽ പൊലീസിന്റെയും സാന്നിധ്യമുണ്ടാകും.
ക്രമസമാധാന ചുമതലകൾ കൈകാര്യം ചെയ്യാൻ ഡ്രോണുകൾ, സിസിടിവികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് വിന്യസിക്കുന്നതിന് കൂടുതൽ സുരക്ഷസംഘം എപ്പോഴും സജ്ജമാണ്. പ്രാണപ്രതിഷ്ഠ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല