സ്വന്തം ലേഖകന്‍: ബാങ്കു വിളിക്കെതിരായ വിവാദ പരാമര്‍ശം, മത നേതാവിന്റെ ഫത്‌വയ്ക്ക് തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗമിന്റെ മറുപടി. രാവിലെ മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത സോനു നിഗത്തിനെതിരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്‌ലിം മതനേതാവ് ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സോനുവിനെ മൊട്ടയടിച്ച് ചെരുപ്പുമാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെതിരെയാണ് സോനു മൊട്ടയടിച്ച് പ്രതികരിച്ചത്.
പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സിലെ മുതിര്‍ന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. ബുധനാഴ്ച വൈകുന്നേരം സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് സോനുവിന്റെ മുടിമുറിച്ചത്. മുടിമുറിച്ച ശേഷം സോനു മാധ്യമങ്ങളെ കണ്ടു. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഒരിക്കലും മുസ്‌ലിം വിരുദ്ധനല്ല. മതനിരപേക്ഷതയുള്ളയാളാണ് താനെന്നാണ് കരുതുന്നത്. ഇത്തരമൊരു ചെറിയ സംഭവം വലിയ ചര്‍ച്ചയാവുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീ പള്ളികളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല