സ്വന്തം ലേഖകൻ: കസാഖിസ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള നിമിഷങ്ങളുമാണുള്ളത്. വിമാനം നിലംപതിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്‌സൗ വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തില്‍ 38 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും, യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തേക്ക് വന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. വിമാനം നിലം പതിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കുകളേറ്റ ആളുകളെ ഉള്‍പ്പടെ ഈ ദൃശ്യങ്ങളില്‍ കാണാനാകും.
ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുനിലംപതിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഗ്രോസ്‌നിയില്‍ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്.
അതിനിടെ സംഭവത്തിൽ ദുരൂഹതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. വിമാനം റഷ്യയോ യുക്രെയ്നോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നുവരുന്നത്. തകർന്നുവീണ വിമാനത്തിൽ വെടിയുണ്ടകളുടേതിന് സമാനമായ പാടുകൾ കണ്ടെത്തിയെന്നാണ് സൂചനയുണ്ട്. എന്നാൽ, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അക്‌തുവിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യതയുണ്ടെന്ന് അപകടത്തെ തുടർന്ന് അഭൂഹങ്ങൾ പരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുക്രേനിയൻ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനം തകർത്തതാകാമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല