സ്വന്തം ലേഖകൻ: അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. തങ്ങളുടെ ഒരു യുദ്ധ വിമാനം വെടിവെച്ചിട്ടത് അസര്‍ബൈജാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയാണെന്ന് അര്‍മേനിയ സര്‍ക്കാര്‍ ആരോപിച്ചു. എഫ്-16 എന്ന ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ തങ്ങളുടെ ഒരു പൈലറ്റ് മരിച്ചതായി അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അസര്‍ബൈജാന്‍ സൈന്യത്തിന്റെ കൈയ്യില്‍ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ഇല്ല. ഇത് പരസ്യമായി രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ തുര്‍ക്കിയാണ് എന്ന് അര്‍മേനിയന്‍ വിദേശ കാര്യമന്ത്രാലയം ആരോപിക്കുന്നത്. അതേ സമയം ആരോപണത്തെ തുര്‍ക്കി നിഷേധിച്ചു
അര്‍മേനിയ അസര്‍ബൈജാന്‍ തര്‍ക്കം നിലനില്‍ക്കുന്ന പര്‍വത പ്രദേശമായ നഗോര്‍നോ കറാബാക്കില്‍ മൂന്ന് ദിവസമായി നടക്കുന്ന പോരാട്ടത്തില്‍ നൂറോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. സൈനികരും പ്രദേശത്തെ ജനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ പര്‍വത പ്രദേശം അന്താരാഷ്ട്ര തലത്തില്‍ അസര്‍ബൈജാന്റെതായി അംഗീകരിച്ചതാണ് എന്നാല്‍ 1988-94 യുദ്ധത്തിനു ശേഷം ഈ പ്രദേശം അര്‍മേനിയന്‍ ഗോത്ര വര്‍ഗക്കാരുടെ പക്കലാണ്.
തര്‍ക്കത്തില്‍ അസര്‍ബൈജാന് പരസ്യ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ രംഗത്തെത്തിയിരുന്നു. മേഖലയില്‍ നിന്നും അര്‍മേനിയ പിന്‍മാറണമെന്നാണ് എര്‍ദൊഗാന്‍ ആവശ്യപ്പെട്ടത്. അര്‍മേനിയക്ക് റഷ്യയുടെ പിന്തുണയുണ്ട്. അതേസമയം അസര്‍ബൈജാനുമായും റഷ്യ സൗഹൃദത്തിലാണ്. ഇരു വിഭാഗവും അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് റഷ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല