സ്വന്തം ലേഖകൻ: ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം.
കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം. ഇന്ത്യയില്‍ ഉൾപ്പെടെ ഒട്ടേറെപ്പേർ സ്വീകരിച്ച കോവിഷീൽഡ് വാക്സീനെപ്പറ്റി മുൻപും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഒരു കേസിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്ന് കമ്പനി സമ്മതിക്കുന്നത് ഇതാദ്യം.
2021 ഏപ്രിലിൽ അസ്ട്രാസെനക കമ്പനിയുടെ കോവിഡ് വാക്സീൻ സ്വീകരിച്ച് ദിവസങ്ങൾക്കകം യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. ഇവർ നൽകിയ പരാതിയിലാണ് കമ്പനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചത്. വാക്‌സീന്‍ എടുത്ത ശേഷം രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ജാമി സ്‌കോട്ടിന്റെ കുടുംബം കോടതിയിൽ തെളിയിച്ചു. പക്ഷേ, വാക്സീൻ ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല എന്നാണ് 2023 മേയിൽ അസ്ട്രാസെനക കോടതിയെ അറിയിച്ചത്.
ഒടുവിൽ മൂന്ന് വർഷത്തോളം നീണ്ട പോരാട്ടത്തിനു ശേഷമാണ് അപൂർവം ചില കേസുകളിൽ കോവിഷീൽഡ് പാർശ്വഫലങ്ങൾക്ക് ഇടയാക്കിയേക്കാം എന്ന കമ്പനിയുടെ വെളിപ്പെടുത്തൽ. ജാമി സ്കോട്ടിനു പുറമേ മറ്റ് 51 പേർ നൽകിയ സമാനമായ പരാതികളും യുകെ ഹൈക്കോടതിയിലുണ്ട്. എന്നാൽ ഇവരിലെല്ലാം പ്രശ്നങ്ങളുണ്ടാക്കിയത് വാക്സീന്റെ പാർശ്വഫലമാണോ എന്നതിൽ വ്യക്തതയില്ല. വാക്സീൻ അപൂർവമായി സങ്കീർണതകൾക്ക് കാരണമായേക്കാം എന്ന് പറയുന്നുണ്ടെങ്കിലും വാക്സീനും മരണങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല.
നിലവിലെ കേസിനു പുറമേ യുകെ ഹൈക്കോടതിയിൽ മാത്രം 51 കേസുകളാണ് കമ്പനിക്കെതിരെ ഉള്ളത്. പാർശ്വഫലങ്ങളെ സംബന്ധിച്ച് കമ്പനി വെളിപ്പെടുത്തൽ നടത്തിയതോടെ ഇനിയും കേസുകളുടെ എണ്ണം കൂടും എന്നുറപ്പ്. കമ്പനി നഷ്ടപരിഹാരം നൽകേണ്ടതായും വരും. കോവിഷീൽഡ് ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഇന്ത്യയിലാവട്ടെ നിലവിൽ നാമമാത്രമായ ഡോസ് വാക്സീനുകൾ മാത്രമേ നൽകുന്നുള്ളൂ. കോവിഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങളെപ്പറ്റി ഇന്ത്യയിലും പഠനം നടത്തണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല