സ്വന്തം ലേഖകന്‍: യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു. രാംദേവിന് ഇനി മുതല്‍ കാബിനറ്റ് പദവിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ഹരിയാനയിലെ ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രചാരണത്തിനുള്ള ബ്രാന്‍ഡ് അംബാസഡറാണ് ബാബാ രാംദേവ്. നേരത്തെ എന്‍ഡിഎ സര്‍ക്കാര്‍ സുപ്രധാന വ്യക്തികള്‍ക്കു മാത്രം നല്‍കുന്ന ഇസെഡ് കാറ്റഗറി സുരക്ഷയും രാംദേവിന് നല്‍കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാംദേവ് പാര്‍ട്ടി സംസ്ഥാന ഭരണം ഏറ്റെടുത്തതോടെ ആയുര്‍വേദത്തിന്റെയും യോഗയുടെയും ബ്രാന്‍ഡ് അംബാസഡറായി നിയോഗിക്കപ്പെടുകയായിരുന്നു. ഹരിയാനയിലെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന ഔഷധത്തോട്ടത്തിന്റേയും ഇരുപത്തിയ്യായിരത്തോളം ഇനം ഔഷധ സസ്യങ്ങളുടേയും മേല്‍നോട്ടം ഇപ്പോള്‍ രാംദേവിനാണ്.
യോഗയുടെ പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദിക്ക് പ്രത്യേക താത്പര്യമുള്ളതിനാല്‍ ബിജെപി ഭരണത്തിലേറിയതു മുതല്‍ രാംദേവിനെ യോഗയുടെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുക പതിവായിരുന്നു. ജൂണ്‍ 21 അന്തര്‍ദേശിയ യോഗദിനമായി കഴിഞ്ഞ വര്‍ഷം യുഎന്‍ പ്രഖ്യാപിച്ചിരുന്നു.
മോദിയുടേ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ അന്തര്‍ദേശിയ യോഗദിനത്തോടനുബന്ധിച്ച് യുനെസ്‌ക്കോ ആസ്ഥാനത്തു വച്ച് ഒരു യോഗ പോര്‍ട്ടല്‍ പുറത്തിറക്കിയിട്ടുമുണ്ട്. കൂടാതെ ഹരിയാനയിലെ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ യോഗ നിര്‍ബന്ധിത പഠന വിഷയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല