സ്വന്തം ലേഖകന്‍: ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണത്തിലെ പിഴവു മൂലം മരിച്ച കുട്ടികളുടെ എണ്ണം 74 ആയി, യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്, യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ശക്തം. ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 74 ആയി. ഇന്നലെ മരിച്ച രണ്ടു കുട്ടികള്‍ക്കു ജപ്പാന്‍ ജ്വരവും ഒരാള്‍ക്കു മസ്തിഷ്‌കജ്വരവുമായിരുന്നു.
മസ്തിഷ്‌കജ്വരം ബാധിച്ച 75 പേര്‍ ബിആര്‍ഡി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്നാ ണു കമ്മീഷന്‍ നിര്‍ദേശം. കുട്ടികള്‍ മരിച്ച സംഭവത്തില്‍ യുപിയിലെ ഭരണകക്ഷിയായ ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.
വകുപ്പുകളുടെ ആധിക്യം ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നു മൗര്യ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും പാര്‍ട്ടിയിലെ ഭിന്നത പ്രകടമാണ്. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം, റവന്യു, ഖനനം, തൊഴില്‍, ഭക്ഷ്യസിവില്‍ സപ്ലൈസ്, ഇന്‍ഫര്‍മേഷന്‍, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ 36 വകുപ്പുകളാണ് ആദിത്യനാഥ് കൈകാര്യം ചെയ്യുന്നത്.
1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ഗോരഖ്പുരിലെ ലോക്‌സഭാംഗമായിരുന്നിട്ടും മെഡിക്കല്‍ കോളജ് ആശുപത്രി വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നു പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്നും പ്രതിപക്ഷം ഇത് ആയുധമാക്കുന്നെന്നും ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതിനിടെ കുട്ടികളുടെ മരണത്തെത്തുടര്‍ന്നുണ്ടായ വന്‍ ജനരോഷം തണുപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യുപി സര്‍ക്കാര്‍.
അതേസമയം ഗൊഗോരഖ്പുര്‍ ദുരന്തം രാജ്യത്തെ ആദ്യ സംഭവമല്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിസാരവല്‍ക്കരിച്ചത് പുതിയ വിവാദത്തിന് വഴിതുറന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി. വലിയ രാജ്യമായ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അമിത് ഷാ ബംഗളൂരുവില്‍ പറഞ്ഞു. രാജി ആവശ്യപ്പെടലാണു കോണ്‍ഗ്രസിന്റെ ജോലിയെന്നും ഷാ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല