സ്വന്തം ലേഖകന്‍: യുപി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ പുറത്താക്കി മുഖം രക്ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍, മരണങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് വരുത്തുതീര്‍ക്കാനും ശ്രമം. ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാതര്‍ അടക്കം നിരവധി കുട്ടികള്‍ മരിച്ച സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. ദുരന്തം സംബന്ധിച്ചു സര്‍ക്കാര്‍ വാദം തള്ളി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി.
ഇന്നലെ ഏഴ് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 71 ആയി. സംഭവത്തെക്കുറിച്ചു കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പ്രശ്‌നത്തില്‍ ഇടപെട്ടത്. ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിയതിനു കാരണം ശിശുരോഗ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. കഫീല്‍ അഹമ്മദ് ഖാനാണെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ഖഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വാര്‍ഡില്‍ ഓക്‌സി?ജന്‍ ദൗര്‍ഭല്യത മനസിലാക്കിയ ഡോ.ഖാന്‍ സ്വന്തം ചെലവില്‍ ഓക്?സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്?ടറുടെ സ?മയോചിത ഇടപെടല്‍ കുറച്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ‘മറ്റ് ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്‍ ഖാന്‍ തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്,’ എന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നു.
എന്നാല്‍ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ മാത്രമാണ് ഓക്‌സിജന്‍ മുടങ്ങിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, രണ്ട് ദിവസമാണ് ഓക്‌സിജന്‍ മുടങ്ങിയതെന്നു ദുരന്തത്തിനിരയായ സരിക ശുക്ലയുടെ പിതാവ് അജയ് ശുക്ല അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു സരിത മരിച്ചത്. 17 ദിവസമായിരുന്നു കുഞ്ഞിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്നാണു ശിശുവിനു ശ്വാസതടസമുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ വാദിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആശുപത്രില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉണ്ടായിരുന്നതായി അജയിന്റെ ബന്ധു അഭിനീത് കുമാര്‍ ശുക്ല അറിയിച്ചു.
വ്യാഴാഴ്ചരാത്രി മുതല്‍ പുലര്‍ച്ചെ 6.30 വരെ ആറുകുട്ടികള്‍ മരിച്ചെന്നു അഭിനീത് പറയുന്നു. അന്ന് ഉച്ചയ്ക്ക് 1.30 വരെ അഞ്ചു കുട്ടികള്‍ കൂടി മരിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിയുമെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ വാദം. ഓക്‌സിജന്‍ മോണിറ്ററിന്റെ ദൃശ്യവും സി.സി.ടിവിയിലൂടെ ലഭിക്കും. ഓഗസ്റ്റ് അഞ്ചിനാണു ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇത് 11 വരെ കൈമാറാത്തതിലും ദുരൂഹതയുണ്ട്. ചുവപ്പുനാടയാണു സിലിണ്ടര്‍ വിതരണം തടസപ്പെടാന്‍ കാരണമെന്നു സംഭവത്തെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ആശുപത്രി മേധാവി രാജീവ് മിശ്ര പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കുമെന്നും യോഗി വ്യക്തമാക്കി. മരണസംഖ്യ 70 കടന്നതിനു പിന്നാലെയാണ് അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റക്കാരെന്നു തെളിയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയ്‌ക്കൊപ്പം ഇന്നലെയാണ് യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചത്. അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ യുപിയിലെത്തി. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ധാരാളം കുട്ടികള്‍ മരിച്ചു വീഴുന്നതു കണ്ടയാളാണ് താന്‍. ഇനിയും അത് അനുവദിക്കില്ല. ബിആര്‍ഡി ആശുപത്രിയിലേക്ക് തന്റെ നാലാമത്തെ സന്ദര്‍ശനമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കൂട്ടമരണത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ ആശുപത്രിയില്‍ വന്ന് കാര്യങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്‌സഭാ എം.പിയായിരുന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലാണ് ബിആര്‍ഡി മെഡിക്കല്‍ കോളജ്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്‌സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 67 ലക്ഷം രൂപ കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്നാണു കമ്പനി വിതരണം നിര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല