സ്വന്തം ലേഖകന്‍: ബാബറി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെഅദ്വാനി അടക്കം പത്തൊമ്പത് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അദ്വാനിയെ കൂടാതെ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവരാണ് നോട്ടീസ് കിട്ടിയവരില്‍ പ്രമുഖര്‍.
നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനയില്‍ മൂവരുടേയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ കേസിലെ കക്ഷിയായ മെഹബൂബ് അഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്.
2010 ല്‍, അലഹബാദ് ഹൈക്കോടതി ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും സുപ്രീംകോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. 2010 മേയ് 20 നാണ് അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചന കേസില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ 2011 ഫെബ്രുവരിയിലാണ് അപ്പീല്‍ നല്‍കാന്‍ സിബിഐ മുന്നോട്ടുന്‍ വന്നത്.
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല