സാള്‍ട്ട് ആന്റ് പെപ്പറിലൂടെ തന്റെ വില്ലന്‍ ഇമേജ് കുടഞ്ഞെറിഞ്ഞ് കൊമേഡിയനായി മാറിയ ബാബുരാജ് നായകനാകുന്നു. ‘നോട്ടി പ്രൊഫസര്‍’ എന്ന പുതിയ ചിത്രത്തിലാണ് ബാബുരാജ് ഹാസ്യരസപ്രധാനമായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നും ചെറുപ്പക്കാരനായിരിക്കാന്‍ കൊതിക്കുന്ന ഒരു പ്രൊഫസറുടെ വേഷമാണിതില്‍ ബാബുരാജിന്. ഈ ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേത് തന്നെയാണ്. ഹരിനാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന നോട്ടി പ്രൊഫസറിലെ മറ്റു പ്രധാന താരങ്ങള്‍ ടിനി ടോം, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജീവ് പിള്ള, ലെന, മാളവിക, മാസ്‌റ്റര്‍ വികാസ് തുടങ്ങിയവരാണ്. ലക്ഷ്‌മി ഗോപാല സ്വാമിയും കാതല്‍ സന്ധ്യയുമാണ് നായികമാര്‍.
ജാസി ഗിഫ്‌റ്റാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ബിജിത് ബാലയുടേതാണ് എഡിറ്റിംഗ്. സജിത് മേനോനാണ് ക്യാമറാമാന്‍. അണ്ണാമല ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഈ ഫെബ്രുവരി 29 ന് എറണാകുളത്ത് നടക്കും. അധികം താമസിയാതെ ചിത്രീകരണമാരംഭിക്കുന്ന ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലും ബാബുരാജിന് നായക വേഷമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല