1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2024

സ്വന്തം ലേഖകൻ: അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്.

ഒരു കാലത്ത്അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി അതല്ല. വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതിന്അമേരിക്കയില്‍ കടുത്ത നിബന്ധനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉയരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളര്‍ (25349 ഇന്ത്യന്‍ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍, മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ് ജോലികള്‍ മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ. ചിലവുകള്‍ ഉയരുന്നതോടെ പലരും നിയമവിരുദ്ധമായി പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരം പാര്‍ട്ട് ടൈം ജോലികളും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിദ്യാര്‍ഥികള്‍ കുട്ടികളെ പരിചരിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്ന് പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യര്‍ഥികളില്‍ ഏറിയ പങ്കും അവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ കുട്ടികളെ പരിചരിക്കുന്ന ജോലിയാണ് കണ്ടെത്തുന്നത്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്‍കുന്നതിനാല്‍ പല പെണ്‍കുട്ടികളും ഇതിന് മുന്‍ഗണന നല്‍കുന്നു. മണിക്കൂറിന് 13 മുതല്‍ 18വരെ യുഎസ് ഡോളറാണ് (1098 മുതല്‍ 1520 ഇന്ത്യന്‍ രൂപ) ഇതിന് പ്രതിഫലമായി ലഭിക്കുന്നത്. കൂടാതെ ഭക്ഷണവും താമസവും കൂടി ലഭിക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഈ ജോലി സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് സഹായമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റേതു ജോലിയേക്കാളും സുരക്ഷിതവും ലളിതവുമായ ജോലി ശിശുപരിചരണമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഹൈദരബാദില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി ആറു വയസുകാരനെ പരിചരിച്ചുവരുന്നു. എട്ടു മണിക്കൂറാണ് ജോലി. മണിക്കൂറിന് 13 ഡോളര്‍ കൂടാതെ ഒരു നേരത്തെ ഭക്ഷണവും വീട്ടുകാര്‍ വിദ്യാര്‍ഥിക്ക് നല്‍കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്,അമേരിക്കയില്‍ ഇന്ത്യന്‍വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 19 ശതമാനം വര്‍ധന ഇവരുടെ എണ്ണത്തിലുണ്ടായി. നൈപുണ്യവികസനത്തിനുള്ള ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒ.പി.ടി.) കോഴ്സുകളില്‍ 97000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.