സ്വന്തം ലേഖകൻ: രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം നേരം പുലരും മുൻപേ പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോള്‍. ജനങ്ങളുടെ കനത്ത പ്രതിഷേധത്തെത്തുടർന്നാണ് സുക് യോള്‍ പട്ടാളനിയമം പിൻവലിച്ചത്.
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്.
സൈന്യം പാർലമെന്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പാർലമെന്റിൽ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിൻവലിക്കാൻ സുക് യോൾ നിർബന്ധിതനായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ദക്ഷിണ കൊറിയയില്‍ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍ രംഗത്തെത്തിയത്. രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളില്‍ നിന്നും രക്ഷിക്കാന്‍ നീക്കം അനിവാര്യമാണെന്നാണ് യൂന്‍ സുക് യോള്‍ പറഞ്ഞത്.
അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാളഭരണം ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരകൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും യൂന്‍ ആരോപിച്ചിരുന്നു.
‘ദേശ വിരുദ്ധകാര്യങ്ങളെ ഇല്ലാതാക്കാനും സ്വതന്ത്ര ദക്ഷിണ കൊറിയയെ ഉത്തരകൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും സംരക്ഷിക്കാനുമാണ് അടിയന്തര പട്ടാള ഭരണം ഏര്‍പ്പെടുത്തുന്നത്. ജനങ്ങളുടെ ഉപജീവനം കണക്കിലെടുക്കാതെ കുറ്റവിചാരണ നടത്താനും പ്രത്യേക അന്വേഷണങ്ങള്‍ക്കും അവരുടെ നേതാക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം സ്തംഭിപ്പിച്ചത്’, യൂന്‍ സുക് യോള്‍ പറഞ്ഞിരുന്നു.
പട്ടാള നിയമത്തിലൂടെ ജനാധിപത്യ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എല്ലാ പാർലമെൻ്ററി പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല