1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2025

സ്വന്തം ലേഖകൻ: നിലവിലെ എന്‍എച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 ലക്ഷത്തിലധികം പേരാണ്. അതില്‍ 30 ലക്ഷത്തോളം പേര്‍ 18 ആഴ്ചയില്‍ അധികമായി കാത്തിരിക്കുന്നവരാണ്. ഈയിടെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണിത്. ഏതായാലും, വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടു വരുന്നതിനായി പുതിയ നടപടികളിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. ദൈര്‍ഘ്യമേറിയ കാത്തിരിപ്പുകളുടെ എണ്ണം വരുന്ന വര്‍ഷത്തോടെ അഞ്ച് ലക്ഷമാക്കി കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കൂടുതല്‍ കമ്മ്യൂണിറ്റി പ്രദേശങ്ങളില്‍ എച്ച് എച്ച് എസ് ഹബ്ബുകള്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. മാത്രമല്ല, സ്വകാര്യ മേഖലയുടെ സേവനം കൂടുതലായി ഉപയോഗിക്കും. ഇതു വഴി വെയ്റ്റിംഗ് ലിസ്റ്റ് കാര്യമായി കുറയ്ക്കാന്‍ കഴിയും എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഡോക്ടര്‍മാരും, ആരോഗ്യ രംഗത്തെ പ്രമുഖരും ഈ പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍, അപ്പോഴും, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഈ പദ്ധതി ലക്ഷ്യം കാണുന്നതില്‍ വിഘാതമാകുമോ എന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു.

പുതിയ പദ്ധതി അനൂസരിച്ച് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, സര്‍ജിക്കല്‍ ഹബ്ബുകള്‍ എന്നിവയുടെ നെറ്റ്വര്‍ക്ക് വിപുലീകരിച്ച്, ആശുപത്രികള്‍ക്ക് പുറത്ത് കൂടുതല്‍ ചികിത്സ നടത്താനുള്ള സഹചര്യമൊരുക്കും. എവിടെ ചികിത്സ തേടണമെന്നത് രോഗിക്ക് തീരുമാനിക്കാവുന്നതാണ്. മറ്റൊരു നടപടി, സ്വകാര്യ മേഖലയുമായുള്ള പുതിയ ഒരു കരാര്‍ വഴി, കൂടുതല്‍ എന്‍ എച്ച് എസ് രോഗികള്‍ക്ക് സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ സൗകര്യം ഒരുക്കുക എന്നതാണ്.

ഭരണകാലാവധി കഴിയുന്നതിന് മുന്‍പായി 92 ശതമാനം രോഗികള്‍ക്കും ബുക്ക് ചെയ്ത് 18 ആഴ്ചക്കുള്ളില്‍ ചികിത്സ ഉറപ്പാക്കും എന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനം നല്‍കിയിരുന്നത്. 2015 മുതല്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം എന്‍ എച്ച് എസ് ആരംഭിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നിലവില്‍, ബുക്ക് ചെയ്യുന്നവരില്‍ 59 ശതമാനം പേര്‍ക്ക് മാത്രമാണ് 18 ആഴ്ചക്കുള്ളില്‍ അപ്പോയിന്റ്‌മെന്റോ ചികിത്സയോ ലഭ്യമാകുന്നത്.

സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന വാഗ്ദാനം, 2026 മാര്‍ച്ചോടു കൂടി ഇത് 65 ശതമാനമാക്കും എന്നാണ്. അങ്ങനെയെങ്കില്‍ ബാക്ക്ലോഗില്‍ 4.5 ലക്ഷത്തോളം പേരുടെ കുറവ് വരും. രോഗികള്‍ക്ക് പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പിക്കുന്നതിനാണ് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ ഉന്നം വയ്ക്കുന്നത്. ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തോളം അധിക അപ്പോയിന്റ്‌മെന്റുകളണ് അവര്‍ നല്‍കുന്നത്. അതുപോലെ തന്നെ, സങ്കീര്‍ണ്ണമല്ലാത്ത സര്‍ജറികള്‍ക്കായി കൂടുതല്‍ സര്‍ജിക്കല്‍ ഹബ്ബുകളും ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.