1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2024

സ്വന്തം ലേഖകൻ: ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഫോര്‍മുല 1 പിറ്റ്‌സ്റ്റോപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്വപ്‌നം കാണുന്നത്.

രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴില്‍ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്.

ഉന്നത ഡോക്ടര്‍മാര്‍ സാധാരണ നിലയേക്കാള്‍ നാലിരട്ടി കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താനുള്ള പുതിയ പോംവഴികള്‍ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്തംഭനാവസ്ഥ നേരിടുന്ന ഭാഗങ്ങളിലെ 20 ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലാണ് ‘ക്രാക്ക്’ സംഘങ്ങളെ നിയോഗിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അറിയിക്കും.

ഏകദേശം 2.8 മില്ല്യണ്‍ ആളുകളാണ് അനാരോഗ്യം മൂലം ജോലിക്ക് പുറത്തിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 500,000 പേര്‍ അധികമാണിത്. രോഗങ്ങളും, വൈകല്യങ്ങളും മൂലം നല്‍കുന്ന ബെനഫിറ്ര് ബില്ലുകള്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ബില്ല്യണായി ഉയരുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചിക്കുന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.6 മില്ല്യണിലാണ്.

വെയിറ്റിങ് ലിസ്റ്റ് കുതിച്ചുയര്‍ന്നതോടെ എന്‍എച്ച്എസില്‍ ചികിത്സ തേടുന്ന രോഗികള്‍ കടുത്ത അതൃപ്തിയിലാണ്. കുട്ടികളും മുതിര്‍ന്നവരും അടക്കം ലക്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ പേരില്‍ ബ്രിട്ടനിലെ ആരോഗ്യ മേഖല പഴികേള്‍ക്കുകയാണ്. അതുകൊണ്ടു സര്‍ക്കാരിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ് കാത്തിരിപ്പിനുള്ള പരിഹാരം

ഏഴു ദശലക്ഷത്തിലേറെ ആളുകള്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നു എന്ന അവസ്ഥ ഭയാനാകമാണ്. കോവിഡ് മൂലവും നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരുടെ കുറവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്‍എച്ച്എസിന് ഫണ്ട് തരുമ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

വെയ്റ്റിങ് ലിസ്റ്റ് കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വെയില്‍സ് സര്‍ക്കാരുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് യുകെ. ലിവര്‍പൂളില്‍ നടക്കുന്ന ലേബറിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെല്‍ഷ് സെക്രട്ടറി ജോ സ്റ്റീവന്‍സ് നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

വെയില്‍സിലെ എന്‍എച്ച്എസ് പ്രവര്‍ത്തനം എലുനെഡ് മോര്‍ഗന്റെ നേതൃത്വത്തിലുള്ള വെല്‍ഷ് സര്‍ക്കാരാണ് നിര്‍വ്വഹിക്കുന്നത്. യുകെയിലെ എന്‍എച്ച്എസിന്റെത് യുകെ സര്‍ക്കാരും. വെയില്‍സിലും സമാന രീതിയില്‍ ഉയര്‍ന്ന തോതില്‍ വെയ്റ്റിങ് ലിസ്റ്റുണ്ട്. രണ്ടുപേരും സഹകരിച്ച് ഈ മേഖലയിലെ പങ്കുവയ്ക്കലുകള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സുഗമമാക്കും. പരസ്പര സഹകരണത്തോടെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.