സ്വന്തം ലേഖകൻ: ഗാസയിലെ വെടിനിര്‍ത്തല്‍-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. ശനിയാഴ്ചയാണ് മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച മുതല്‍ കരാര്‍ നിലവില്‍ വരും.
സമാധാനക്കരാറിന് വെള്ളിയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശനിയാഴ്ച സമ്പൂർണ മന്ത്രിസഭ യോഗംചേർന്ന് അന്തിമമായ അംഗീകാരം നൽകിയത്. ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരിലെ 24 അംഗങ്ങള്‍ കരാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ എട്ടുപേര്‍ പ്രതികൂല നിലപാടാണ് കൈക്കൊണ്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഇസ്രയേലിന്റെ സുരക്ഷാമന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയിരുന്നു. പിന്നാലെയാണ് പൂര്‍ണമന്ത്രിസഭയും വിഷയത്തില്‍ അനുകൂല നിലപാട് കൈക്കൊണ്ടിട്ടുള്ളത്.
ഞായറാഴ്ച മോചിപ്പിക്കുന്ന 95 പലസ്തീന്‍കാരുടെ വിവരങ്ങള്‍ ഇസ്രയേല്‍ ജസ്റ്റിസ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 69 പേര്‍ സ്ത്രീകളും പതിനാറുപേര്‍ പുരുഷന്മാരും പത്തുപേര്‍ കുട്ടികളുമാണ്. സര്‍ക്കാരിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാകും ഇവരെ വിട്ടയക്കുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കരാര്‍ നിലവില്‍ വരുന്നതോടെ പതിനഞ്ചുമാസക്കാലമായി ഗാസയില്‍ നടക്കുന്ന രക്തച്ചൊരിച്ചിലിന് അവസാനമാകും. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലിനു നേര്‍ക്ക് നടത്തിയ ആക്രമണമാണ് നിലവിലെ യുദ്ധത്തിന് വഴിതെളിച്ചത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ 46,788 പലസ്തീന്‍കാര്‍ക്കാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 1,10,453 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്ന് നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇവരുടെ മോചനവും വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നടക്കും. യു.എസും ഖത്തറും ഈജിപ്തുമാണ് കരാറിന്റെ മധ്യസ്ഥത നിർവഹിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല