സ്വന്തം ലേഖകൻ: മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഇതുമൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ രോഗബാധാനിരക്ക് തുടർന്നാൽ ഈ വർഷം 2500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ സാധാരണയായി കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്.
അതേസമയം ചിലരിൽ ഇത് സന്ധിവേദന, സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയവയ്ക്കു കാരണമാകാം. അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും അങ്ങനെ മരണത്തിനിടയാക്കുകയും ചെയ്യാം. 2022 ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല