എഡിറ്റോറിയല്‍
നാടും വീടും വിട്ട് വിദേശത്ത് പോയി ജോലി ചെയ്ത് നാല് കാശുണ്ടാക്കിയാല്‍ അതും സമ്പാദിക്കാന്‍ സമ്മതിക്കില്ലന്ന് നിര്‍ബന്ധം പിടിച്ചാല്‍ എന്ത് ചെയ്യാനാകും. വിമാനത്താവളങ്ങളിലെ നിയമക്കുരുക്കുകള്‍ വിദേശ മലയാളിക്ക് ഒട്ടൊന്നുമല്ല വിനയാകുന്നത്. ലക്ഷക്കണക്കിന് രൂപ ബാങ്ക് ബാലന്‍സുണ്ടെങ്കിലും മലയാളിക്ക് ഇപ്പോഴും പ്രീയം സ്വര്‍ണ്ണത്തോട് തന്നെ. വിദേശത്ത് നിന്ന് വരുമ്പോള്‍ പ്രീയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഏറ്റവും നല്ല സമ്മാനവും സ്വര്‍ണ്ണം തന്നെ. പണിക്കൂലിയും പണിക്കുറുവുമൊക്കെയായി നല്ലൊരു തുക നാട്ടില്‍ വെറുതേ കളയുന്നതിലും നല്ലതല്ലേ വിദേശത്തു നിന്ന് നിലവാരമുളള ഇത്തിരി പൊന്ന് വാങ്ങി പ്രീയപ്പെട്ടവര്‍ക്ക് നല്‍കുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റ് പറയാനുമാകില്ല. എന്നാല്‍ ഇവയൊക്കെ വാങ്ങി വിമാനത്താവളത്തില്‍ എത്തിയാലോ… പിന്നത്തെ പുകില്‍ അനുഭവിച്ച് തന്നെ അറിയണം.
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്ന് യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് പിടിയിലായതോടെയാണ് വീണ്ടും സ്വര്‍ണ്ണ കടത്ത് വാര്‍ത്തകളില്‍ നിറയുന്നത്. വിദേശത്ത് നിന്നു വരുന്നവരെല്ലാം തന്നെ സ്വര്‍ണ്ണ കടത്ത് ഏജന്റുമാരണന്ന രീതിയിലുളള പരിശോധനകളും നടപടികളുമാണ് വിമാനത്താവളങ്ങളില്‍ നടക്കുന്നത്. എന്നാല്‍ തൊട്ടാല്‍ പൊളളുന്ന സ്വര്‍ണ്ണ വിലയുളള ഈ സമയത്ത് സ്വര്‍ണ്ണം കൊണ്ടുവരുന്നതിന് ആവശ്യമായ പരിധികള്‍ കേട്ടാല്‍ ആരുമൊന്ന് ചിരിച്ചുപോകും.
വിദേശത്ത് നിന്ന എത്തുന്ന വനിതാ യാത്രക്കാര്‍ക്ക് 20,000 രൂപയുടേയും പുരുഷ യാത്രക്കാര്‍ക്ക് 10000 രൂപയുടേയും സ്വര്‍ണ്ണമാണ് നികുതിയില്ലാതെ കൊണ്ടുവരാന്‍ സാധിക്കുന്നത്. ഇന്നത്തെ വിലവെച്ച് നോക്കുമ്പോള്‍ വനിതകള്‍ ഒരു പവനില്‍ താഴെയും പുരുഷന്‍മാര്‍ അരപവനില്‍ താഴെയും വിലയുളള സ്വര്‍ണ്ണം മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാനാകു. ആഭരണമായി ഒരു അഞ്ചു പവനെങ്കിലും ശരീരത്ത് ഇല്ലാത്ത സ്ത്രീകള്‍ ഇന്നത്തെ കാലത്ത് കുറവായിരിക്കും. പോകുമ്പോഴും വരുമ്പോഴും ഇതിനെല്ലാം നികുതി കൊടുക്കുണമെന്ന് പറയുന്നതിനേക്കാള്‍ കൊളളയടിക്കണമെന്ന് പറയുന്നതാകും ശരി.
സ്വര്‍ണ്ണത്തിന്റെ വില റെക്കോര്‍ഡുകള്‍ ഭേദിച്ചതോടെ വിമനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതോടെ രാജ്യത്തേക്കുളള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതോടെ കളളക്കടത്ത് കൂടുന്നതായി മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനയ്ക്ക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നൂതനമായ എക്‌സറേ പരിശോധനകള്‍ കൂടാതെ മുഴുവന്‍ ബാഗേജുകളും അഴിച്ച് പരിശോധിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടന്നാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്ത്രീകളെ സ്വര്‍ണ്ണം കടത്താന്‍ ഏല്‍പ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ത്രീകളെ പരിശോധിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും വേണ്ടന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ ക്‌സ്റ്റംസിന്റെ പരിശോധനകളെ വെല്ലുവിളിക്കുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങളുമായി വന്‍കിട സ്വര്‍ണ്ണകടത്തുകാര്‍ നിര്‍ബാധം ഗ്രീന്‍ചാനല്‍ വഴി പുറത്തുപോകുമ്പോള്‍ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് മിച്ചം പിടിച്ച തുകയുമായി മൂന്നോ നാലോ പവന്‍ വാങ്ങി വീട്ടിലെത്താന്‍ നോക്കുന്ന പാവം വിദേശമലയാളികള്‍ വിമാനത്താവളത്തില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. പലപ്പോഴും നിയമങ്ങളെക്കുറിച്ചുളള വ്യക്തയില്ലായ്മയാണ് പലരേയും കുടു്ക്കുന്നതും.
അടുത്തിടെ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ സ്ത്രീയോട് സെക്യുരിറ്റി ചെക്കിംഗിന്റെ ഭാഗമായി കൈയ്യില്‍ കിടന്ന നാല് വളകള്‍ ഊരിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം വളകള്‍ ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ച് ഇവരെ ലഗേജ് സ്‌കാനിംഗിന്റെ സമയത്ത് കസ്റ്റംസ്‌കാര്‍ അളവില്‍ കവിഞ്ഞ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു എന്ന പേരില്‍ പിടികൂടി. അധികമായി ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച 25 ഗ്രാമിന് 80 ഡോളര്‍ നികുതി അടയ്ക്കണമെന്നും നികുതി ഡോളറായെ കൈപ്പറ്റുമെന്നും അറിയിച്ചതോടെ വെട്ടിലായ വീട്ടമ്മയെ വിമനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട കുടുംബത്തില്‍ നിന്ന് 80 ഡോളര്‍ കടം വാങ്ങി നികുതി അടപ്പിച്ചിട്ടാണ് വിട്ടയച്ചത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമനത്താവളങ്ങള്‍ വഴി കോടികളുടെ വെട്ടിപ്പ് നടക്കുന്നതായി അടുത്തിടെ സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രതികാരമെന്നവണ്ണമാണ് പല ഉദ്യോഗസ്ഥരും സാധാരണക്കാരായ യാത്രക്കാരുടെ കീശ പിടിച്ച് പറിക്കുന്നത്.
സ്വര്‍ണ്ണത്തിന് വിലയില്ലാതിരുന്ന കാലഘട്ടത്തിലെ ബാഗേജ് നിയമങ്ങളാണ് വില ഇരുപതിനായിരം കടന്നിട്ടും നിലനിര്‍ത്തിയിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ഒരു പവനില്‍ കൂടുതല്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഈ ചട്ടം ദുരുപയോഗം ചെയ്തുകൊണ്ടാണ് കസ്റ്റംസ് അധികാരികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പലരും കൈക്കൂലിവാങ്ങാനുളള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്. അപരിഷ്‌കൃതമായ ഇത്തരം ബാഗേജ് നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടത് ആവശ്യമാണ്. യാഥാര്‍ത്ഥ്യബോധത്തോട് കൂടി വിദേശമലയാളികള്‍ക്ക് കൈവശം കൊണ്ടുവരാവുന്ന ആഭരണങ്ങളുടെ നികുതി നിര്‍ണ്ണയം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല