സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. ഖത്തറിൽ നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിമരുന്നും ഉൾപ്പെടെയുള്ളവ കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ നിയമനടപടികൾ നേരിടുന്നുണ്ടെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് വിചാരണയും കടുത്ത നിയമനടപടികളും നേരിടേണ്ടി വന്നേക്കാം. യാത്ര പുറപ്പെടുന്നതിന് മുൻപ് നിരോധിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിലുള്ള എന്തെങ്കിലും നിങ്ങളുടെ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും എംബസി വ്യക്തമാക്കി.
അതിനിടെ ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി.
ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം ജോലികൾക്ക് നിയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല