സ്വന്തം ലേഖകൻ: ജീവിക്കാന്‍ പതിമൂന്നാം വയസില്‍ നിര്‍മാണത്തൊഴിലാളിയായി തുടങ്ങി, ഒടുവില്‍ ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയിലേക്ക് എത്തിനില്‍ക്കുന്നതാണ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിം സുലൈമാനിയുടെ വളര്‍ച്ച.
ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ മാരക എതിരാളിയായാണ് അമേരിക്കയും സഖ്യകക്ഷികളും കണ്ടത്. ദീര്‍ഘകാലമായി ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനായ സുലൈമാനി ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ അമേരിക്ക നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.
ഇറാനിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വ്യക്തികളിലൊരാളായ സുലൈമാനി പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ ജനറല്‍ എന്നാണ് അറിയപ്പെടുന്നത്. ഇറാനിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുമായിരുന്നു അദ്ദേഹം.
അതേസമയം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അജ്ഞാതമാണു കാസിം സുലൈമാനി. എന്നാല്‍ സുലൈമാനിയെ മനസിലാക്കാതെ ഇന്നത്തെ ഇറാനെ പൂര്‍ണമായി മനസി ലാക്കാനാവില്ല. ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീനമേഖല സൃഷ്ടിച്ചതിന്റെ കാരണക്കാരന്‍ സുലൈമാനിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല