![](https://www.nrimalayalee.com/wp-content/uploads/2021/10/Bahrain-Booster-Dose-Immune-Status-Yellow.jpg)
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരുടെ മൊബൈല്‍ ആപ്പിലെ വാക്സിനേഷന് സ്റ്റാറ്റസ് മഞ്ഞ നിറത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ മഞ്ഞനിറം പച്ചനിറത്തിലേക്ക് മാറുകയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിനു ബി എവയര്‍ ആപ്പിലും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം.
18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്. എന്നാല്‍ ഏത് വാക്സിന് സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വാക്സിന് എടുക്കേണ്ട സമയത്തില്‍ മാറ്റം വരും. 18നും 39നും ഇടയില്‍ പ്രായമുള്ള സിനോഫാം വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് എടുത്ത് മൂന്ന് മാസം പൂര്‍ത്തിയാവുന്നതോടെ ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കാം. എന്നാല്‍ 40 കഴിഞ്ഞവര്‍ക്കും 40ല്‍ താഴെ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസം പൂര്‍ത്തിയാവുമ്പോള്‍ തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കാം.
അതേസമയം, ഫൈസര്‍ വാക്സിന്, കോവിഷീല്‍ഡ് ആസ്ട്രസെനെക്ക എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസ് എടുത്തവര്‍ക്ക് ആറും മാസം കഴിഞ്ഞേ ബൂസ്റ്റര്‍ ഡോസ് ലഭിക്കൂ. ഫൈസര്‍ വാക്സിന് എടുത്തവര്‍ക്ക് അതു തന്നെയാവും മൂന്നാം ഡോസായി ലഭിക്കുക. കോവിഷീല്‍ഡ് എടുത്തവര്‍ക്ക് അതിന്റെയോ ഫൈസറിന്റെയോ ഡോസ് ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം.
സ്പുട്നിക് വാക്സിന് രണ്ടാം ഡോസ് എടുത്തവര്‍ക്കും ആറു മാസം കഴിഞ്ഞാല്‍ മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കൂ. ഇവര്‍ക്ക് സ്പുട്നിക്കോ ഫൈസറോ മൂന്നാം ഡോസായി സ്വീകരിക്കാം. കോവിഡ് വന്ന് രോഗമുക്തി നേടിയവരും രണ്ട് ഡോസ് വാക്സിന് എടുത്തവരുമായ ആളുകള്‍ക്ക് 12 മാസം കഴിഞ്ഞേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല