![](https://www.nrimalayalee.com/wp-content/uploads/2021/07/Bahrain-Covid-Travel-Ban-Red-List-.jpg)
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്കു വരുന്ന യാത്രക്കാർക്കുള്ള നിബന്ധനകളിൽ സിവിൽ ഏവിയേഷൻ അഫയേഴ്സ് മാറ്റം വരുത്തി. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ദേശീയ മെഡിക്കൽ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
രോഗ്യവ്യാപനം കൂടുതലുള്ള രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി മുൻകരുതൽ സ്വീകരിക്കുന്ന രീതി അവസാനിപ്പിച്ചു. പകരം, വിദേശത്തുനിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണം.
സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് സർട്ടിഫിക്കറ്റിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ആറു വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും പുതിയ നിബന്ധന ബാധകമാണ്. ബഹ്റൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവുമുള്ള കോവിഡ് പരിശോധനകൾക്ക് മാറ്റമില്ല. 36 ദീനാറാണ് മൂന്നു പരിശോധനകൾക്കുമായി ഫീസ് അടക്കേണ്ടത്.
ബഹ്റൈനിൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ റെഡ്ലിസ്റ്റ് നേരത്തേ ഒഴിവാക്കിയിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം ചില രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മാസം വീണ്ടും ഏർപ്പെടുത്തുകയായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബഹ്റൈനിൽ ഇതുവരെ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ജാഗ്രത ശക്തമാക്കുന്നത്. ഇതിെൻറ ഭാഗമായി 19 മുതൽ യെല്ലോ ലെവലിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 31 വരെ യെല്ലോ ലെവൽ ജാഗ്രത തുടരുമെന്നാണ് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല