![](https://www.nrimalayalee.com/wp-content/uploads/2021/04/Bahrain-Inbound-Travelers-India-Covid-Negative-Certificate-Children-Gulf-Air.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ബഹ്റൈനി പൗരന്മാര്ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും യാത്രാനുമതി നല്കി ബഹ്റൈന്‍. സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സിന്റെ നിര്‍ദേശപ്രകാരം മൂന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. ജോര്‍ജിയ, ഉക്രെയിന്, മലാവി എന്നീ രാജ്യങ്ങളെയാണ് പുതുതായി യാത്രാ നിരോധനമുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഓഗസ്ത് 12 മുതലാണ് പുതിയ പട്ടിക നിലവില്‍ വരിക.
ഇതോടെ റെഡ് ലിസ്റ്റിലെ ആകെ രാജ്യങ്ങളുടെ എണ്ണം 25 ആയി. സ്വദേശികളും ബഹ്റൈനിൽ സ്ഥിരതാമസ വീസയുള്ളവരും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ ട്രാൻസിറ്റ് ചെയ്തവർക്കും ബഹ്റൈനിൽ പ്രവേശനം അനുവദിക്കില്ല.
യാത്രാനുമതി ഉള്ളവർ യാത്രയ്ക്ക് മുൻപുള്ള 48 മണിക്കൂറിൽ പിസിആർ പരിശോധന നടത്തി ക്യുആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ബഹ്റൈനിൽ എത്തിയാൽ ഉടനെയും 10 ദിവസത്തിന് ശേഷവും പിസിആർ പരിശോധന നടത്തണം.
ഈ പരിശോധനകൾക്കുള നിശ്ചിത ഫീസ് ബഹ്റൈൻ വിമാനത്താവളത്തിൽ പണമായോ BeAware Bahrain ആപ്പ് വഴി ഓൺലൈനായോ മുൻകൂർ അടക്കണം. ബഹ്റൈനിൽ സ്ഥിരം മേൽവിലാസം ഇല്ലാത്തവർക്ക് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസുള്ള ക്വാറന്റീൻ സെന്ററുകൾ ലഭ്യമാക്കും. ബഹ്റൈനിൽ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്ഥിരം വിലാസമുണ്ടെങ്കിൽ ക്വാറന്റീൻ അവിടെ അനുവദിക്കും.
കൊറോണ വ്യാപനത്തിനെതിരെയുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ഉപദേശപ്രകാരമാണ് റെഡ് ലിസ്റ്റ് പട്ടികയിൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും. അതേസമയം സിനിമാ തിയറ്ററുകളിൽ മൊത്തം ശേഷിയുടെ 30% കാണികളെ ഉൾക്കൊള്ളാമെന്ന വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല