1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്സിന്‍ നാലാം ഡോസ് വിതരണം ചെയ്യാന്‍ ബഹ്റൈന്‍ അനുമതി നല്‍കി. സിനോഫാം വാക്സിന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് നാലാം ഡോസ് നല്‍കുക. ആഗോള തലത്തില്‍ അതിവേഗത്തില്‍ ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

18 വയസ്സിന് മുകളിലുള്ളവരും മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് നാലാം ഡോസ് നല്‍കുന്നത്. ഫൈസര്‍ ബയോണ്‍ടെക് വാക്സിനോ സിനോഫാം വാക്സിനോ ആണ് രണ്ടാം ബുസ്റ്റര്‍ ഡോസ് ആയി നല്‍കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് അംഗീകാരം നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

നാലാം ഡോസ് എടുക്കാന്‍ യോഗ്യരായ ആളുകള്‍ക്ക് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കുത്തിവയ്പ്പ് എടുക്കാം. ഇക്കാര്യത്തില്‍ ആരും അലംബാവം കാണിക്കരുതെന്ന് നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം നാലാം ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്നത്. രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

നേരത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാലാം ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. രാജ്യത്ത് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ രാജ്യത്ത് യെല്ലോ ലെവല്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഇതുപ്രകാരം രാജ്യത്തേക്ക് വരുന്ന ആറു വയസ്സിനു മുകളിലുള്ള മുഴുവന്‍ യാത്രക്കാരും യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

യെല്ലോ ലെവല്‍ കാലയളവില്‍ 30 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കും. ഷോപ്പിംഗ് മാള്‍, സിനിമാ ശാലകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാ, ഇന്‍ഡോര്‍ ജിം, സ്‌പോര്‍ട്‌സ് ഹാള്‍, നീന്തല്‍ക്കുളം എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.