![](https://www.nrimalayalee.com/wp-content/uploads/2021/09/Bahrain-Digital-Quality-of-Life.jpg)
സ്വന്തം ലേഖകൻ: ജനങ്ങള്‍ക്ക് മികച്ച ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സൗദി, യുഎഇ തുടങ്ങിയ അയല്‍ രാജ്യങ്ങളെ പിന്നിലാക്കി ബഹ്‌റൈന്‍. ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സര്‍ഫ്ഷാര്‍ക്കിന്റെ ഡിജിറ്റല്‍ ക്വാലിറ്റി ഓഫ് ലൈഫ് (ഡിക്യുഎല്‍) സൂചികയുടെ മൂന്നാം എഡിഷനില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 സ്ഥാനം മുന്നിലെത്തിയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ലോകത്തെ 110 രാജ്യങ്ങളില്‍ നിന്ന് 61ാം സ്ഥാനമായിരുന്നു കഴിഞ്ഞ വര്‍ഷമെങ്കില്‍ ഇത്തവണ അത് 39 ആക്കി ബഹ്‌റൈന്‍ മെച്ചപ്പെടുത്തി.
ലോകത്തെ 90 ശതമാനം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സൂചികയില്‍ ഡെന്‍മാര്‍ക്കാണ് ഒന്നാമത്. സൗത്ത് കൊറിയ, ഫിന്‍ലാന്റ്, ഇസ്രായേല്‍, അമേരിക്ക എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും മികവും അവയ്ക്ക് ആവശ്യമായ ചെലവും പരിഗണിച്ചാണ് ഡിജിറ്റല്‍ ക്വാളിറ്റി ഓഫ് ലൈഫ് സൂചിക തയ്യാറാക്കുന്നത്.
ഇന്റര്‍നെറ്റിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ 12ഉം, ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ 28മാണ് ബഹ്‌റൈന്റെ സ്ഥാനം. അതേസമയം, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് ചെലവിന്റെ കാര്യത്തില്‍ 52ഉം സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ 86ഉം ഇ-ഗവര്‍ണന്‍സിന്റെ കാര്യത്തില്‍ 41ഉമാണ് ബഹ്‌റൈന്റെ സ്ഥാനം. അതേസമയം, മൊത്തം കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ ബഹ്‌റൈന് സാധിച്ചു.
2021ല്‍ മൊബൈല്‍ ഡാറ്റയെക്കാള്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന് ചെലവേറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിനായി 25 മിനുട്ട് അധികം ജനങ്ങള്‍ ജോലി ചെയ്യേണ്ടിവരുമെന്നാണ് കണക്കുകള്‍. അതേസമയം, മൊബൈല്‍ ഡാറ്റ സ്വന്തമാക്കാന്‍ 28 മിനുട്ട് കുറവ് ജോലി ചെയ്താല്‍ മതിയെന്നും പഠനം പറയുന്നു.
അഞ്ച് ഡിജിറ്റല്‍ സൂചികകളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏഴ് ബില്യണ്‍ ജനങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഡിക്യുഎല്‍. യുഎന്‍, വേള്‍ഡ് ബാങ്ക്, ഫ്രീഡം ഹൗസ്, ദി ഇന്റര്‍നാഷനല്‍ കമ്മ്യൂണിക്കേഷന്‍ യൂനിയന്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
ഒരു ജിബി മൊബൈല്‍ ഡാറ്റ പാക്കേജ് സ്വന്തമാക്കാന്‍ ബഹ്‌റൈനിലെ ജനങ്ങള്‍ ശരാശരി 10 മിനുട്ടും 15 സെക്കന്റും ജോലി ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ച് മിനുട്ടും 42 സെക്കന്റും കുറവാണിത്. ഏറ്റവും ചെറിയ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് പാക്കേജ് ലഭ്യമാക്കാന്‍ ബഹ്‌റൈനികള്‍ ശരാശരി രണ്ട് മണിക്കൂറും 47 മിനുട്ടും ജോലി ചെയ്യണം.
കഴിഞ്ഞ വര്‍ഷം നാല് മണിക്കൂറും 47 മിനുട്ടുമായിരുന്നു ഇത്. ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ ബഹ്‌റൈന്‍ 117 ശതമാനം പുരോഗതി നേടിയതായും സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തറിനെക്കാളും സൗദിയെക്കാളും പിന്നിലാണ് ബഹ്‌റൈന്‍. ബഹ്‌റൈനിലേതിന്റെ രണ്ടിരട്ടി ഡാറ്റ, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വേഗത ഈ രണ്ട് രാജ്യങ്ങളിലുമുണ്ട്. സൗദിയിലെ ഇന്റര്‍നെറ്റ് ചെലവിനെക്കാള്‍ നാലിരട്ടിയും ഖത്തറിലേതിനെക്കാള്‍ രണ്ടിരട്ടിയും കൂടുതലാണ് ബഹ്‌റൈനില്‍.
ഡിജിറ്റല്‍ ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളിലേറെയും യൂറോപ്യന്‍ രാജ്യങ്ങളാണ്. സൈബര്‍ സുരക്ഷയുടെ കാര്യത്തിലും അവര്‍ തന്നെയാണ് മുന്നില്‍. എത്യോപ്യ, കമ്പോഡിയ, കാമറൂണ്‍, ഗ്വാട്ടിമാല, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഡിജിറ്റല്‍ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയില്‍ ഏറ്റവും പിറകിലുള്ള അഞ്ച് രാജ്യങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും മുന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല