1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2022

സ്വന്തം ലേഖകൻ: ബഹ്റൈനിൽ വിദേശികളുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നരീതി അവസാനിപ്പിച്ചു. റസിഡൻസി പെർമിറ്റ് ഡിജിറ്റൽവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം ഏർപ്പെടുത്തിയത്. വിസ സ്റ്റിക്കർ പതിക്കുന്ന നിലവിലുള്ള രീതിക്ക് പകരം ഇനി bahrain.bh എന്ന വെബ്സൈറ്റ് വഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് പതിച്ച ഡിജിറ്റൽ റസിഡൻസി പെർമിറ്റ് ഉപയോഗിക്കാൻ സാധിക്കും.

ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കുന്നതിലൂടെ കടലാസ് രേഖകളുടെ ഉപയോഗം കുറക്കാനും പരിഷ്കാരം വഴി ലക്ഷ്യമിടുന്നു.

പ്രവാസികൾക്ക് 24 മണിക്കൂറും വെബ്സൈറ്റ് വഴി വിസ പുതുക്കാൻ സാധിക്കും. തുടർന്ന് വെബ്സൈറ്റിൽനിന്ന് സി.പി.ആർ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പെർമിറ്റ് എടുക്കാവുന്നതാണ്. വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ അതത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ് കാണിച്ചാൽ മതിയാകും.

ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ റസിഡൻസി പെർമിറ്റ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. സ്മാർട്ട്ഫോണിൽ ഡിജിറ്റൽ പെർമിറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. ഡിജിറ്റലാകുന്നതോടെ ബഹ്റൈനിൽനിന്നോ ബഹ്റൈന് പുറത്തുനിന്നോ ഓൺലൈനിൽ റസിഡൻസി പെർമിറ്റ് പുതുക്കാൻ കഴിയും.

എൻ.പി.ആർ.എ മുന്നോട്ടുവെച്ച് മന്ത്രിസഭ അംഗീകാരം നൽകിയ 24 പരിഷ്കരണ നടപടികളിൽ ഉൾപ്പെടുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഇതുവരെ ഇതിൽ ഒമ്പത് ഇനങ്ങളാണ് പൂർത്തിയാക്കിയത്.

വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ദേശീയ പോര്‍ട്ടലായ bahrain.bh നവീകരിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഹിശാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് സേവനങ്ങള്‍ കൂടി ദേശീയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.