
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഇനി ഓൺലൈൻ വഴി എടുക്കാമെന്ന് എൽ.എം.ആർ.എ വൃത്തങ്ങൾ അറിയിച്ചു. ഇ.എം.എസ് (എക്സ്പാട്രിയറ്റ് വർക്കേഴ്സ് മാനേജ്മെന്റ് സിസ്റ്റം) എന്ന പോർട്ടൽ വഴിയാണ് വർക്ക്പെർമിറ്റ് അനുവദിക്കുക. നേരത്തേ എൽ.എം.ആർ.എയിലെത്തി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു.
അത് നിലനിർത്തിക്കൊണ്ടുതന്നെയാണ് ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുകയും വർക്ക്പെർമിറ്റ് അനുവദിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുള്ളത്. ഇ-കീ ഉപയോഗിച്ച് സിസ്റ്റത്തിൽ പ്രവേശിക്കാനും അപേക്ഷകൾ സമർപ്പിക്കാനും കഴിയും. കൂടാതെ വർക്ക് പെർമിറ്റ് ഒഴിവാക്കുന്നതിനും പുതുക്കുന്നതിനും ജോലിയുടെ സ്റ്റാറ്റസ് മാറ്റുന്നതിനും ഓൺലൈൻ വഴി സൗകര്യമുണ്ടാകും.
ബാങ്ക് കാർഡ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ വർക്ക്പെർമിറ്റ് ഫീസടക്കാനും സാധിക്കുമെന്നും എൽ.എം.ആർ.എ അധികൃതർ കൂട്ടിച്ചേർത്തു.തൊഴിലുടമകൾക്ക് തൊഴിൽ പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും അവസാനിപ്പിക്കുന്നതിനും അപേക്ഷിക്കാനും ഗാർഹിക ജീവനക്കാരുടെ പരിധി വർധിപ്പിക്കാനും ഗാർഹിക തൊഴിലാളിയുടെ തൊഴിൽ മാറ്റാനും അപേക്ഷിക്കാം.
സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇലക്ട്രോണിക് സേവനങ്ങൾ നടപ്പാക്കുന്നതെന്ന് എൽ.എം.ആർ.എ സി.ഇ.ഒ നിബ്രാസ് താലിബ് പറഞ്ഞു.തൊഴിലുടമകൾക്ക് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട അവരുടെ ഇടപാടുകളുടെ പുരോഗതി നിരീക്ഷിക്കാനും അവരുടെ റെക്കോഡിന് കീഴിലുള്ള തൊഴിലാളികളുടെ ലിസ്റ്റ് കാണാനും കഴിയും.
വിസ കാലാവധി, ലീഗൽ സ്റ്റാറ്റസ് എന്നിവ ഓൺലൈനായി അറിയാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് അതോറിറ്റിയുടെ www.lmra.gov.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ എൽ.എം.ആർ.എ കാൾ സെന്ററുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല