സ്വന്തം ലേഖകൻ: റോഡുകളിലെ എമർജൻസി ലൈനുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ഏർപ്പെടുത്തണമെന്ന നിർദേശവുമായി എം.പിമാർ. ആറു മാസത്തിൽ കുറയാത്ത തടവും 2000 ദിനാറിനും 6000 ദിനാറിനും ഇടയിൽ പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വേണമെന്നാണ് നിർദേശം.
അബ്ദുല്ല അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്. ഈ നീക്കം നടപ്പാക്കിയാൽ റോഡ് സുരക്ഷ മെച്ചപ്പെടുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു.
ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കുമായി പ്രത്യേകമായി മാറ്റിവെച്ച ഹാർഡ് ഷോൾഡർ എന്നറിയപ്പെടുന്ന അടിയന്തര പാതകൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്ന ഡ്രൈവർമാർ പലപ്പോഴും ദുരുപയോഗം ചെയ്യുകയാണ്. നിർണായകമായ സംഭവങ്ങളിൽ ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും പെട്ടെന്ന് പ്രവേശനം നൽകാനാണ് ഈ പാതകൾ.
എന്നാൽ, ഈ പാതകൾ ദുരുപയോഗിക്കുന്നത് അടിയന്തര സർവിസുകളുടെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയാണ്. ഇങ്ങനെ എമർജൻസി പാതയിൽ കയറുന്നവർ വീണ്ടും തിരിച്ചിറങ്ങുന്നത് അപകടത്തിനും കാരണമാകുന്നു. കനത്ത പിഴ ഏർപ്പെടുത്തുന്നത് ലംഘനത്തിന്റെ ഗൗരവത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ശക്തമായ സന്ദേശം നൽകുമെന്നും എം.പി പറഞ്ഞു.
നിയമലംഘനങ്ങൾക്ക് കർശന ശിക്ഷകൾ നൽകുന്നത് പലപ്പോഴും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരത്തിന് കാരണമാകുമെന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
അമിതവേഗത്തിന് പിഴ വർധിപ്പിച്ച മേഖലകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ അടിയന്തര ലൈൻ ദുരുപയോഗത്തിന് കനത്ത ശിക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല